ഡൽഹി : ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. അതിർത്തിയിലെ പ്രശ്നങ്ങളോട് ചേർത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകളിലൂടെ സമവായം കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിലർ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ വഷളാക്കാൻ മാത്രമേ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് കഴിയു. ഇത്തരം വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥം ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിമാര്‍ക്ക് എസ്പറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും രാജ്നാഥ് സിംഗ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.