പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പിമാരും എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയെ പ്രതിനിധീകരിച്ച് മാത്യു ടി.തോമസ് എം.എല്‍.എയാണ് സംസാരിച്ചത്. ജില്ലയില്‍ നിന്ന് ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നിര്‍ദേശങ്ങളും ഇവയാണ്.
പത്തനംതിട്ട ജില്ലയിലേക്ക് വിദേശങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് അടഞ്ഞുകിടക്കുന്ന അവരുടെ വീട്ടില്‍തന്നെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമാക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കും. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മുന്‍ഗണന ലിസ്റ്റ് തയ്യാറാക്കുന്നതിലെ പരാതികള്‍ പരിഹരിക്കണം. മരണമുണ്ടായാല്‍ ബന്ധുക്കള്‍ക്ക് നാട്ടിലെത്തുന്നതിനും വൃക്കരോഗം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉള്ളവരെ നാട്ടിലെത്തിക്കാന്‍ എംബസി മുഖാന്തരം നീതിപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണം. ക്വാറന്റൈനിയില്‍ കഴിയുന്ന ഒരാള്‍ക്ക് ഭക്ഷണം നല്‍കാന്‍ പഞ്ചായത്തിന് ഒരു ദിവസം മുഴുവനായി 60 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക വര്‍ധിപ്പിക്കണം. പരീക്ഷകള്‍ നടക്കുന്നത് കണക്കിലെടുത്ത് മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കെ.എസ്.ആര്‍.ടി.സി അന്തര്‍ജില്ലാ സര്‍വീസുകള്‍ നടത്തുന്നത് പരിഗണിക്കണം. സര്‍വീസ് ആരംഭിച്ചാല്‍ വിദ്യാര്‍ഥികളെ വിശദവിവരങ്ങള്‍ അറിയിക്കണം. ഐസലേഷന്‍ വാര്‍ഡുകളിലെ ശുചീകരണ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്നതു പരിഗണിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ സഹകരിക്കുന്നില്ലെന്നു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ ഉത്തരവാദിത്വം കാര്യക്ഷമമായി നിര്‍വഹിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമ്പോള്‍ സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ഉറപ്പാക്കേണ്ടതുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ വാഹന സൗകര്യം ഇല്ലാത്തിടത്ത് വാടകയ്ക്ക് എങ്കിലും വാഹനം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണം.