പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടാന്‍ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വിവരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് ആംബുലന്‍സ് എത്തിച്ചു. കോട്ടത്തറ ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി. പിന്നാലെ ഡിവൈഎസ്പി ഓഫീസില്‍ നിന്ന് വിദ്യയെ നടത്തിച്ച് പുറത്തെത്തിച്ച ശേഷം ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റുന്നത്.
അതേസമയം അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലിയില്‍ കയറാന്‍ വേണ്ടിയാണ് വിദ്യ വ്യാജരേഖയുണ്ടാക്കിയത്. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖ കേസില്‍ അഗളി പോലീസ് വിദ്യക്കെതിരെ കേസെടുത്തത് ജൂണ്‍ ആറിനായിരുന്നു. ഇതിന് പിന്നാലെ വിദ്യ ഒളിവില്‍ പോകുകയായിരുന്നു.