തിരുവല്ല: തിരുവല്ല ബാലികാമഠം എച്ച്എസ്എസില്‍ വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ല എംഎല്‍എ അഡ്വ. മാത്യു ടി തോമസ് നിര്‍വഹിച്ചു. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുവാന്‍ മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യമാണ്. സ്വാഭാവിക വനങ്ങളില്‍ 30 വര്‍ഷം കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നഗരവനത്തില്‍ സൃഷ്ടിക്കുവാന്‍ സാധിക്കും. ഒരു മീറ്റര്‍ സ്‌ക്വയര്‍ ഭൂമിയില്‍ 5 മരം എന്ന കണക്കില്‍ ഇടതൂര്‍ന്ന രീതിയിലാണ് മരങ്ങള്‍ നടുന്നത്. ഇതില്‍ ഒരു വന്‍മരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉള്‍പ്പെടും. നടുന്നതിനു മുമ്പ് ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിനു ശേഷം മേല്‍മണ്ണുമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ്, കുമ്മായം മുതലായവ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ നടുന്ന മരങ്ങള്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണ്ണമായും സ്വയം പര്യാപ്തമായി കഴിഞ്ഞ് ഒരു ചെറു വനമായി മാറും.
നഗരവനത്തില്‍ 5 സെന്റില്‍ 93ല്‍ പരം സ്പീഷീസില്‍ ഉള്ള നാനൂറ്റി മുപ്പത് തൈകളാണ് നടുന്നത്. എല്ലാം തദ്ദേശീയമായ സ്പീഷീസുകളാണ്. പക്ഷികളെയും ഷഡ്പദങ്ങളെയും ആകര്‍ഷിക്കുന്നതിനും കാര്‍ബണ്‍ കുറയ്ക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും പ്രയോജനകരമാണ് നഗര വനം. ഓരോ മരത്തിന്റെയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ ക്യൂ ആര്‍ കോഡില്‍ ലഭിക്കും. പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ശാസ്ത്രീയ പഠനത്തിനും ഗുണകരമാണ്. മാത്യൂസ് മാര്‍ ദേവോദോസിയോസ് മെത്രാപ്പോലീത്ത, സ്‌കൂള്‍ മാനേജര്‍ അഡ്വക്കേറ്റ് പ്രദീപ് മാമന്‍ മാത്യു, പ്രിന്‍സിപ്പല്‍ ലിനി മാത്യു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിസി മിനി അലക്‌സ് എന്നിവര്‍ പങ്കെടുത്തു.