ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നായി വളരെ കുറഞ്ഞ കാലത്തിനിടെ തന്നെ വാട്‍സ്ആപ്പ് മാറിയിരിക്കുന്നു. വാട്‍സ്ആപ്പിലൂടെ ഓരോ ദിവസവും ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ ആണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ചിലപ്പോഴൊക്കെ ഈ സംഭാഷണങ്ങൾ സൂക്ഷിച്ച് വയ്കാൻ യൂസേഴ്സ് ആഗ്രഹിക്കാറുണ്ട്. ഒരു പക്ഷേ പിന്നീട് ആ സന്ദേശങ്ങളെയും അവ അയച്ച വ്യക്തികളെയും ഓർക്കാനും ആഗ്രഹിക്കുന്നതിനാലാവാം. അല്ലെങ്കിൽ നമ്മുടെ ഫോണുകൾ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ ചില ചാറ്റുകൾ കാണാതിരിക്കാനും ആകാം.
എന്തായാലും അത്തരം സാഹചര്യങ്ങളിൽ ആവശ്യമുള്ള ചാറ്റുകൾ സേവ് ചെയ്യാനായി വാട്‍സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ആർക്കൈവ് ചാറ്റ്സ്. തെരഞ്ഞെടുത്ത ചാറ്റുകൾ ആർക്കൈവ് ചെയ്ത് കഴിഞ്ഞാൽ പിന്നീട് അത് നമ്മുടെ വാട്‍സ്ആപ്പിൽ കാണിക്കില്ല. വാട്‍സ്ആപ്പിൽ മാത്രമല്ല ജിമെയിൽ ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ എല്ലാം ഈ ഫീച്ചർ ഇപ്പോൾ തന്നെ അവൈലബിൾ ആണ്. വാട്‍സ്ആപ്പ് ഉപയോക്താക്കൾക്ക് എത്ര ചാറ്റുകൾ വേണമെങ്കിലും ആർക്കൈവ് ചെയ്യാനും അല്ലാതെയാക്കാനും സാധിക്കും.
ഇങ്ങനെ വാട്‍സ്ആപ്പിന്റെ ഇൻബോക്സിനെ മനോഹരമായി ക്രമീകരിക്കുവാനും കഴിയുന്നു. ഇത് പ്രധാനപ്പെട്ട എല്ലാ ചാറ്റുകളിലും നമ്മുടെ ശ്രദ്ധ നിലനിർത്താനും സഹായിക്കുന്നു. ഈ ചാറ്റുകളിൽ വ്യക്തിഗതവും ഗ്രൂപ്പ് സംഭാഷണങ്ങളുമെല്ലാം ഉൾപ്പെടുന്നു. ആർക്കൈവ് ചെയ്ത ചാറ്റുകളെല്ലാം ഉപയോക്താക്കൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം അൺ ആർക്കൈവ് ചെയ്യാനും സാധിക്കും.ചാറ്റുകൾ ആർക്കൈവ് ചെയ്യാൻ, നിങ്ങൾ ആർക്കൈവ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ടാപ്പ് ചെയ്‌ത് പിടിക്കുക മാത്രമാണ് ചെയ്യേണ്ടത്.
അതിന് ശേഷം മുകളിലെ ആർക്കൈവ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഐഫോൺ ഉപയോക്താക്കൾ ഇടത്ത് നിന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യണം തുടർന്ന് ആർക്കൈവ് ചാറ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക. വാട്‍സ്ആപ്പ് വെബിൽ, ഉപയോക്താക്കൾ ഒരു ചാറ്റിൽ മൗസ് കഴ്‌സർ ഹോവർ ചെയ്‌ത ശേഷം താഴേക്കുള്ള അമ്പടയാളത്തിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ആർക്കൈവ് ചാറ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക. ഒരിക്കൽ ആർക്കൈവ് ചെയ്ത ചാറ്റുകൾ എങ്ങനെ വീണ്ടും കാണാം എന്ന് നോക്കാം.
വളരെ ലളിതമായ പ്രോസസുകളിലൂടെ ആർക്കൈവ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകൾ കാണാനാകും. ഇത് എങ്ങനെയൊക്കെയാണ് എന്ന് മനസിലാക്കാം. സ്ക്രീനിന്റെ മുകളിലുള്ള ചാറ്റുകൾ ടാബിലേക്ക് പോകുക. ഒരു ചാറ്റ് തുറക്കുകയാണെങ്കിൽ ബാക്ക് ഓപ്ഷൻ അമർത്തുക. ഇപ്പോൾ താഴേക്ക് സ്ക്രോൾ ചെയ്ത് ആർക്കൈവ് ചെയ്ത ചാറ്റുകൾ തെരഞ്ഞെടുക്കുക. ഈ ഫോൾഡറിൽ നിങ്ങളുടെ ആർക്കൈവ് ചെയ്‌ത എല്ലാ ചാറ്റുകളും ഇപ്പോൾ നിങ്ങൾക്ക് കാണാനും വായിക്കാനും കഴിയും.
ഈ ഫീച്ചർ ഉപയോഗിച്ച് വാട്‍സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ട സംഭാഷണങ്ങൾ ആവശ്യാനുസരണം സേവ് ചെയ്ത് വയ്ക്കാനാകും. പ്രത്യേകിച്ച് എപ്പോഴും നമ്മുടെ ഇൻബോക്സിൽ കാണണമെന്ന് നിർബന്ധമില്ലാത്ത ചാറ്റുകൾ ആർക്കൈവ് ഓപ്ഷൻ ഉപയോഗിച്ചാൽ താൽക്കാലികമായി ഹൈഡ് ചെയ്ത് വയ്ക്കാൻ ആകും. ഇത് ഇൻബോക്സിൽ നിന്ന് അപ്രത്യക്ഷം ആയാലും നഷ്ടപ്പെടുന്നില്ല. പിന്നീട് ആവശ്യാനുസരണം അൺ ആർക്കൈവ് ഓപ്ഷൻ വഴി ആർക്കൈവ് ചെയ്ത ചാറ്റുകൾ വീണ്ടും ഇൻബോക്സിൽ എത്തിക്കാൻ ആകും.
ഇത് പോലെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ മറ്റൊരു വാട്സ്ആപ്പ് ഫീച്ചറാണ് വാട്‍സ്ആപ്പ് വെബ്. കമ്പ്യൂട്ടറിലെയും ലാപ്ടോപ്പിലെയും വെബ് ബ്രൌസറുകളിലൂടെ വാട്സ്ആപ്പ് തുറക്കാനും സന്ദേശങ്ങൾ അയക്കാനും സാധിക്കും. വർക്ക് ഫ്രം വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ആളുകൾക്കാണ് ഈ ഫീച്ചർ എറെ ഉപകാരപ്പെടുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും ശ്രദ്ധ ഫോണിലേക്കും മറ്റും മാറിപ്പോകില്ലെന്നതാണ് ഏറ്റവും വലിയ ഉപകാരം.
വാട്‍സ്ആപ്പ് മെസേജുകൾ നോക്കാൻ ഫോൺ എടുക്കേണ്ടി വരുന്നില്ല. ഇത് മൂലം വളരെക്കൂടുതൽ സമയം ലാഭിക്കാൻ സാധിക്കുന്നു. വെബ് ഫീച്ചർ കൂടുതൽ ജനപ്രിയമായതോടെ സ്റ്റാറ്റസ് ഒപ്ഷനും കോളിങ് ഫീച്ചറുമെല്ലാം കമ്പനി കൊണ്ട് വന്നിട്ടുണ്ട്. ഒപ്പം വാട്‍സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വാട്‍സ്ആപ്പ് പേയ്മെന്റ് ഓപ്ഷൻ. മറ്റൊരു യുപിഐ ആപ്പിന്റെയും സഹായമില്ലാതെ ഡിജിറ്റൽ ട്രാൻസാക്ഷനുകൾ നിർവഹിക്കാൻ സഹായിക്കുന്ന ഓപ്ഷൻ ആണ് ഇത്. എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടില്ലെങ്കിലും പേയ്മെന്റ് സ്റ്റിക്കർ പോലെയുള്ള കൂടുതൽ ഫീച്ചറുകളും വാട്‍സ്ആപ്പ് കൊണ്ട് വരുന്നുണ്ട്. വരും നാളുകളിൽ എല്ലാ ഉപയോക്താക്കൾക്കും പേയ്മെന്റ് സൌകര്യം നൽകുമെന്നും വാട്‍സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.