തിരുവനന്തപുരം: പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലേക്കാണ് ”ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍” എന്ന പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.
വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ് കുമാര്‍ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍, ഇന്റലിജന്‍സ് വിഭാഗം ചാര്‍ജ്ജ് ഓഫീസറായ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ.പി.എസിന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും സംബന്ധിച്ചു.