കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്വേഷണസംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വിശദമായി ചോദ്യംചെയ്യുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ സ്വത്തുവകകളിലും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടറായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറില്‍നിന്നായിരുന്നു വിജിലന്‍സ് പിടികൂടിയത്.
അഞ്ചുനിലക്കെട്ടിടം നിര്‍മിക്കുന്നതിന് പെര്‍മിറ്റ് ആവശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയില്‍നിന്നാണ് ഇവര്‍ 15,000 രൂപ കൈക്കൂലി വാങ്ങിയത്. സ്ഥിരം കൈക്കൂലി വാങ്ങുന്ന സ്വപ്നയെ വിജിലന്‍സ് സംഘം കുരുക്കുകയായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വലിയ കൈക്കൂലി വാങ്ങുന്നവരുണ്ടെന്ന് വിജിലന്‍സിന് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചുനടന്ന പരിശോധനയിലാണ് സ്വപ്ന കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്‌പെക്ടറാണെന്ന് വ്യക്തമായത്. നാലുമാസത്തിലധികമായി വിജിലന്‍സ് സ്വപ്നയെ നിരീക്ഷിച്ചുവരുകയായിരുന്നു.നിലവില്‍ റിമാന്‍ഡിലാണ് സ്വപ്ന.
ഇവരെ കസ്റ്റഡിയില്‍ വാങ്ങിയശേഷമാവും സ്വത്തുവകകളിലേക്കുള്ള വിശദമായ അന്വേഷണം. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 2019-ല്‍ ആണ് സ്വപ്ന ആദ്യമായി ജോലിക്ക് കയറുന്നത്. 2023-ല്‍ വൈറ്റില സോണല്‍ ഓഫീസിലേക്കെത്തി. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ സ്വപ്നയും കുടുംബവും സമ്പാദിച്ച സ്വത്തു വകകളും അതുവാങ്ങാന്‍ ചെലവാക്കിയ പണത്തിന്റെ സ്രോതസ്സും പരിശോധിക്കും. കെട്ടിടം നമ്പരിട്ട് ലഭിക്കാനടക്കമുള്ള ആവശ്യങ്ങള്‍ സമീപിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് സ്വപ്നയില്‍ നിന്നുണ്ടായിരുന്നത്. ഒടുവില്‍ കൈക്കൂലികൊടുത്ത് കാര്യം സാധിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.