കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമം തുടങ്ങി പോലീസ്. നാളെ വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതിനിടെ വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബൈയില്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ചു. ഇതോടെയാണ് ഇയാളെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമം തുടങ്ങിയത്. ഇതിനായി ദുബൈയിലെ ഇന്ത്യന്‍ എംബസിയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇയാളെ പ്രത്യേകയാത്രാരേഖ നല്‍കി നാട്ടിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണിത്. കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്ന് വിജയ് ബാബു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമര്‍പ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജയ്ബാബു ദുബൈയില്‍ തിരിച്ചെത്തിയിരിക്കുന്നത്.
അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. ഇനിയും പിടിച്ചു നില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടയാണ് നടന്‍ നിലപാട് മാറ്റിയത്.