കോന്നി : വലത് കൈക്ക് സ്വാധീനം കുറഞ്ഞപ്പോൾ ഇടം കൈയ്യുടെ കരുത്തിൽ കൃഷിയിൽ നൂറൂമേനി കൊയ്യുകയാണ് സീതത്തോട് കൊടുമുടിയിൽ വിപിൻ ഭവനം കെ കെ വിജയൻ. വർഷങ്ങൾക്ക് മുൻപാണ് വിജയന് തന്റെ വലത് കൈയുടെ സ്വാധീനം നഷ്ടപെടുന്നത്. എന്നാൽ ഒറ്റ കൈ ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ വിവിധ തരം വിളകൾ ആണ് വിജയൻ വിളയിച്ചത്. കുരുമുളക്, വാഴ, കമുക്, പച്ചക്കറികൾ തുടങ്ങി വിവിധ വിളകൾ വിജയന്റെ കൃഷിയിടത്തിൽ ഉണ്ട്. പറമ്പിൽ കിളക്കുന്നതിനും മറ്റും ഒറ്റ കൈ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്.
പതിനെട്ട് അടി ഉയരത്തിൽ വളരുന്ന കുരുമുളകും കൃഷിയിടത്തിലെ വലിയ പ്രത്യേകതയാണ്. വനത്തിനോട് ചേർന്ന സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത് എന്നതിനാൽ വന്യ മൃഗ ശല്യം ഉള്ളതിനാൽ സൗരോർജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും കൃഷിയോടുള്ള ഇഷ്ടം മനസ്സിൽ ഉള്ളത് കൊണ്ട് ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നും വിജയൻ പറയുന്നു. കൃഷിയിൽ നൂതനമായ പരീക്ഷണങ്ങൾ ഒരുക്കി മുന്നേറുന്നതിനുള്ള തിരക്കിലാണ് വിജയൻ ഇപ്പോൾ.