പത്തനംതിട്ട : കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസിനെ തിങ്കളാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ കൊണ്ടുവന്നു. ബെംഗളൂരുവില്‍ നിന്ന് പിടിയിലായ ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനഫലം വരുന്നതനുസരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
ഒളിവില്‍ കഴിഞ്ഞിരുന്ന വിജീഷ് വര്‍ഗീസിനെ ബെംഗളൂരുവിലെ വാടകവീട്ടില്‍നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഭാര്യ സൂര്യതാര വര്‍ഗീസും രണ്ടും നാലും വയസ്സുള്ള കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പോലീസ് സംഘം നാട്ടിലെത്തിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിക്കാതെ മറ്റൊരു വാഹനത്തിലാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിലെ കാഷ്യര്‍ കം ക്ലാര്‍ക്കായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍നിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍നിന്നുമാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകളിലേക്ക് സമാനരീതിയില്‍ പണം മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഫെബ്രുവരിയില്‍ നടന്ന ഓഡിറ്റില്‍ വന്‍ തട്ടിപ്പ് കണ്ടെത്തിയതോടെ വിജീഷ് വര്‍ഗീസ് ഭാര്യയെയും കുട്ടികളെയും കൂട്ടി നാടു വിടുകയായിരുന്നു. ആദ്യം കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാള്‍ പിന്നീട് കാര്‍ കൊച്ചിയില്‍ ഉപേക്ഷിച്ച് അവിടെനിന്നും കടന്നുകളഞ്ഞു. തട്ടിപ്പ് കണ്ടെത്തി 95-ാം ദിവസമാണ് വിജീഷ് വര്‍ഗീസിനെ പോലീസ് സംഘം ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.