കാണ്‍പുര്‍ : കൊടുംകുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവന്ന പോലീസുകാരന് കോവിഡ്. ദുബെയെ കൊണ്ടുവന്ന വാഹനത്തില്‍ സഞ്ചരിച്ച കോണ്‍സ്റ്റബിളിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കാണ്‍പുരിലെ ജിഎസ്വിഎം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് നാല് പോലീസുകാരുടെയും ഫലം നെഗറ്റീവായിരുന്നു. ദുബെയുമായി നടന്ന ഏറ്റുമുട്ടലില്‍ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉത്തര്‍പ്രദേശ് പോലീസ് ദുബെയെ വെടിവെച്ചു കൊന്നത്. വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് നല്കുന്ന വിശദീകരണത്തില്‍ പൊരുത്തക്കേടുകളുണ്ട്.
വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ പുലര്‍ച്ചെ നാലിനു ടോള്‍ പ്ലാസയിലെ വീഡിയോയില്‍ കാണുന്നത് ദുബെ മറ്റൊരു വാഹനത്തില്‍ ഇരിക്കുന്നതാണ്. അപകടത്തില്‍പ്പെട്ട വാഹനത്തിലേക്കു ദുബെയെ മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.