പള്ളിപ്പുറം : വിളക്കുമരം-നെടുമ്പ്രക്കാട് പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും. വിളക്കുകൾ സജ്ജീകരിക്കേണ്ട ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലത്തിലേക്കുള്ള അനുബന്ധ റോഡുകളും പൂർത്തീകരിച്ചിട്ടുണ്ട്. പാലവുമായി ബന്ധിപ്പിച്ചുള്ള നെടുമ്പ്രക്കാട്, ശ്രീനാരായണക്കവല എന്നീ ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ തകരാറിലാണ് എന്നതു മാത്രമാണ് നിലവിലെ പ്രശ്‌നം. എന്നാൽ ഇവ തത്കാലം കുഴിയടയ്ക്കൽ മാത്രം നടത്തി പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നത്.
റോഡ് പുനർനിർമാണം പൊതുമരാമത്തുവകുപ്പ് ചെയ്യുമെന്നാണ് പഞ്ചായത്തധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. സ്ഥലമേറ്റെടുത്തുകൊണ്ട് റോഡുനിർമാണ പ്രവർത്തനം നടത്തേണ്ടതുണ്ട്. ഇത് നീണ്ടുപോകുമെന്നതിനാൽ ഉദ്ഘാടനം താമസിപ്പിക്കേണ്ട എന്നതാണ് അധികൃതരുടെ നിലപാട്. ശ്രീനാരായണക്കവല മുതൽ വിളക്കുമരം പാലംവരെ വാഹനങ്ങൾക്കു പോകാൻ രണ്ട് റോഡുകളുണ്ട്. ഇവയിൽ ശ്രീനാരായണക്കവലയിൽനിന്നു പടിഞ്ഞാറോട്ടു പോയുള്ള റോഡാണ് കൂടുതൽ തകരാറിലായത്.