ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രമോദ് കുമാറാണ് പിടിയിലായത്. ഫാമിലി റിലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കാക്കാസിറ്റി സ്വദേശിയിൽ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. 500 രൂപ നൽകിയെങ്കിലും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് പരാതിക്കാരന് നൽകിയ 2500 രൂപ വില്ലേജ് ഓഫിസർക്ക് കൈമാറുന്നതിനിടയിലാണ് വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയിൽ ഹാജരാക്കും.