കായംകുളം: വാഹനത്തിൽ പോകുംവഴി സംഘർഷം നടക്കുന്നതു കണ്ട് ജില്ലാ പോലീസ് മേധാവിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ. ഇന്നലെ കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിൽ ഔദ്യോഗിക വാഹനം നങ്ങ്യാർകുളങ്ങരയിൽ സിഗ്നൽകാത്തു നിർത്തിയിട്ടപ്പോഴാണ് സമീപത്തെ കടയുടെ മുന്നിൽ വിദ്യാർഥികൾ ഏറ്റുമുട്ടുന്നത് എസ്പി ജി.ജയദേവ് കണ്ടത്.
ഉടൻ വാഹനത്തിൽ നിന്നിറങ്ങി എസ്പി സംഘട്ടന സ്ഥലത്തേക്ക് ഓടി, പിന്നലെ ഗൺമാനും ഡ്രൈവറും. പോലീസുകാർ ഓടി വരുന്നതുകണ്ട് സംഘട്ടനത്തിലേർപ്പെട്ടവർ ചിതറി ഓടിയെങ്കിലും കൂട്ടത്തിലെ പ്രധാനിയെ എസ്പി പിടികൂടി. മറ്റൊരു കേസന്വേഷണത്തിന്റെ ഭാഗമായി ഈ സമയത്ത് ബൈക്കിലെത്തിയ കരീലക്കുളങ്ങര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ എസ്.ആർ.ഗിരീഷ് കുമാറും അജിത്ത് കുമാറും എസ്പിയുടെയും സംഘത്തിന്റെയും ഒപ്പം കൂടി.
ഇവർ സമീപമുള്ള എൻടിപിസി മൈതാനത്തും വീടുകളിലും ഒളിച്ചിരുന്ന എല്ലാവരെയും കണ്ടെത്തി. അപ്പോഴേക്കും കരീലക്കുളങ്ങര സിഐ എസ്.എൽ.അനിൽ കുമാറിന്റെ നേൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. എല്ലാവരെയും സ്റ്റേഷനിൽ എത്തിച്ച് രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി പറഞ്ഞയച്ചു. സംഭവം കണ്ട് തടിച്ച് കൂടിയ ജനങ്ങൾ എസ്പിയെ അഭിനന്ദിച്ചാണ് യാത്രയാക്കിയത്.