തിരുവനന്തപുരം : മുന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. സെക്രട്ടറിയായിരിക്കെ സംഘടനാ പരമല്ലാത്ത രീതിയില്‍ നടപടികള്‍ സ്വീകരിച്ച ആനാവൂര്‍ ഇഷ്ടമല്ലാത്തവര്‍ക്കെതിരെ പരാതി എഴുതി വാങ്ങി ഭയപ്പെടുത്തി നിര്‍ത്താന്‍ ശ്രമിച്ചു എന്നതാണ് തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
പാര്‍ട്ടി കേഡര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തനം നടത്തി പാര്‍ട്ടി കേഡര്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുളള സാഹചര്യം ഇല്ലാതാക്കിയെന്നും വിമര്‍ശകര്‍ ആരോപിച്ചു. ആരോപണം നേരിടുന്നവരെ പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ അവരോധിച്ച് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന ആരോപണവും ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു.
ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞ ശേഷം സ്വന്തം വ്യക്തിമാഹാത്മ്യം പ്രചരിപ്പിക്കാന്‍ നവമാധ്യമങ്ങളിലൂടെ ആസൂത്രിതമായ പ്രചാരണം നടത്തി. ഇതിനായി പിജെ ആര്‍മിയുടെ മാതൃകയില്‍ പ്രത്യേക സംഘത്തെ നയിച്ചു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് ഫലവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ വിജയവും സ്വന്തം നേട്ടമായി കാണിച്ച് പ്രചാരണം നടത്തി. പാര്‍ട്ടി നയത്തിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായിരുന്നു തെരഞ്ഞെടുപ്പ് വിജയങ്ങള്‍.
ഇത് മറച്ച് വെച്ച് വിജയങ്ങളെ സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടിയത് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. സ്വഭാവദൂഷ്യത്തിന്‍റെ ഗണത്തില്‍ പെടുത്താവുന്ന വ്യക്തിപരമായ ആരോപണങ്ങളും ആനാവൂരിന് എതിരെ ഉയര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയാണ് ആനാവൂര്‍ നാഗപ്പനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ തൊടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് ഈ വിമര്‍ശനങ്ങളെല്ലാം ഉയര്‍ന്നത്.
സംഘടനാ പരമല്ലാത്ത രൂപത്തില്‍ ഇടപെടുന്നു എന്ന ആരോപണത്തില്‍ ആനാവൂരിനെ പ്രതിരോധിച്ച സംസ്ഥാന സെക്രട്ടറി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം തളളാതിരുന്നത് ശ്രദ്ധേയമായി. പി.ജയരാജനെ പൊക്കികാണിക്കാന്‍ രംഗത്തിറങ്ങിയ പി.ജെ.ആര്‍മിയെന്ന് പറഞ്ഞ് ഇറങ്ങിയവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കണം. പിജെ ആര്‍മി വിഷയം ഉയര്‍ന്നുവന്നപ്പോള്‍ അത് പാടില്ലെന്ന് പാര്‍ട്ടി പറഞ്ഞു.
ആ രൂപത്തില്‍ തന്നെ ശക്തമായി നടപടി എടുത്താണ് മുന്നോട്ട് പോയതെന്നകാര്യം മനസിലുണ്ടാകണമെന്നും എം.വി.ഗോവിന്ദന്‍ ജില്ലാ കമ്മിറ്റിയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കുറവുകളും കുറ്റങ്ങളും ഉണ്ടാകാമെങ്കിലും ആനാവൂരിന്‍റെ പ്രവര്‍ത്തനം ഇതുവരെ സംഘടനാപരമായ രീതിയില്‍ തന്നെയാണ്. എന്തൊക്കെ പോരായ്മകള്‍ ഉണ്ടായി എന്തൊക്കെ നേട്ടമുണ്ടായി എന്നതൊക്കെ സംസ്ഥാന സെന്റര്‍ വിലയിരുത്തിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് വിജയം ആരുടെയും വ്യക്തിപരമായ ക്രെഡിറ്റല്ലെന്നും സംഘടന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരം കാര്യങ്ങളെ വിലയിരുത്തേണ്ടതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
ഇതുവരെ കാണാത്ത തരത്തിലുളള വിമര്‍ശനമാണ് മുന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ നടന്നത്. രണ്ട് പക്ഷങ്ങളായി തിരിഞ്ഞുളള വിമര്‍ശനമാണ് നടന്നതെങ്കിലും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്നത് ആനാവൂരിനാണ്. ഇനി ആനാവൂരിനെതിരെ ഉന്നയിക്കപ്പെടാന്‍ രാഷ്ട്രീയവും സംഘടനാപരവും വ്യക്തിപരവുമായ വിഷയങ്ങളൊന്നുമില്ല എന്നതാണ് സ്ഥിതി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.പി.ദീപക്, കരമന ഹരി തുടങ്ങിയവരാണ് ആനാവൂരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് ആനാവൂര്‍ ചെയ്തതെന്ന് ആരോപിച്ച എസ്.പി. ദീപക് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ജില്ലയില്‍ നടന്ന നിയമങ്ങളെപ്പറ്റി പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കഞ്ചാവ് കടത്ത് കേസുമായി ബന്ധമുളളവരെ യുവജന സംഘടനാ നേതൃത്വത്തിലും പാര്‍ട്ടി കമ്മിറ്റികളിലും എത്തി.
കഞ്ചാവ് കേസില്‍ നടപടിക്ക് വിധേയനായ നേതാവ് തന്നെ പിന്നീട് പല ആക്രമണകേസിലും പ്രതിയായി. നടപടിയെടുത്തിട്ടും ഈ നേതാവിനെ സംരക്ഷിച്ച ജില്ലാ സെക്രട്ടറി അയാളെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയാക്കി. മറ്റൊരു ജില്ലാ ജോയിന്‍റ് സെക്രട്ടറി നഗരസഭയിലെ എസ്.സി ഫണ്ട് തട്ടിപ്പ് നടത്തി.
അന്തരിച്ച നേതാവ് പി. ബിജുവിന്‍റെ പേരിലുളള ആംബുലന്‍സിന്‍റെ ഫണ്ട് തട്ടിച്ച നേതാവിനും ജില്ലാ സെക്രട്ടറിയാണ് സംരക്ഷണം നല്‍കുന്നതെന്നും എസ്.പി.ദീപക് ആരോപിച്ചു. കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്ന് എരിയാ കമ്മിറ്റി അറിയിച്ചിട്ടും അതേ വ്യക്തിയെ എസ്എഫ്ഐ ജില്ലാ ഭാരവാഹിത്വം ഏല്‍പ്പിച്ചു. ഈ നിയമനം പിന്നീട് പാര്‍ട്ടിക്ക് സംസ്ഥാന തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയെന്ന ആക്ഷേപവും ആനാവൂരിനെതിരെ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































