തിരുവനന്തപുരം : അമ്പലമുക്ക് വിനിത കൊലക്കേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുകയാണ് ഇനി പോലീസിന്റെ ലക്ഷ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും, ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും മുട്ടടയില്‍ ഉപേക്ഷിച്ചു വെന്നാണ് പ്രതി രാജേന്ദ്രന്റെ മൊഴി. അതേസമയം പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ഇന്നലെ കോടതി രാജേന്ദ്രനെ വിട്ടു നല്‍കിയിരുന്നു.
കേരളത്തില്‍ മറ്റേതെങ്കിലും കൊലപാതകത്തിലോ മോഷണത്തിലോ രാജേന്ദ്രന് പങ്കുണ്ടോയെന്നതും അറിയേണ്ടതുണ്ട്. ഇതിനായി രാജേന്ദ്രന്റെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ അഞ്ചു കൊലക്കേസില്‍ പ്രതിയായ രാജേന്ദ്രന്‍ ഇനിയും ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുമെന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.