മാവേലിക്കര : മാവേലിക്കരിയില്‍ ഒരു വര്‍ഷം മുമ്പ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെത് ആത്മഹത്യയല്ല കൊലപാതകമെന്ന് തെളിഞ്ഞു. സ്വവര്‍ഗരതിക്കിടെയുണ്ടായ ശ്രമമാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. കണ്ണമംഗലം വടക്ക് കുന്നേല്‍ വിനോദ് ആണ് മരിച്ചത്. പ്രതികളായ കണ്ണമംഗലം ഷിബു ഭവനില്‍ ഷിബു, കൊച്ചുകളില്‍ അനില്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിലായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 മുതല്‍ കണ്ണമംഗലം വടക്ക് കുന്നേല്‍ വീട്ടില്‍ വിനോദിനെ കാണാനില്ല എന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് രാവിലെ മാവേലിക്കര വലിയ പെരുമ്പുഴ പാലത്തിനു സമീപം അച്ചന്‍കോവിലാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതശരീരത്തില്‍ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാളങ്ങളോ ഇല്ലാതിരുന്നതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിനോദിന്റേതാണോ എന്ന് തിരിച്ചറിയാനായില്ല. മരണപ്പെട്ടത് കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വിനോദ് മരിച്ചതെന്നും വ്യക്തമായി.
കാണാതായ ദിവസം വിനോദിനെ രണ്ടുപേര്‍ ബൈക്കില്‍ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് പോയതായി സി.സി.ടി വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞു. അന്വേഷണത്തില്‍ വിനോദിന്റെ അയല്‍വാസിയായ ഷിബു എന്നയാള്‍ വിനോദിനെ ഭീഷണിപ്പെടുത്തി സ്വവര്‍ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് തെളിഞ്ഞു. ഷിബുവും അനില്‍ എന്ന സുഹൃത്തും കൂടി വിനോദിനെ കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു എന്നും പോലിസിന് വിവരം കിട്ടി. കാണാതായ ദിവസം വലിയ പെരുമ്പുഴ പാലത്തിനു സമീപം വെള്ളത്തിലിറക്കി ബന്ധപ്പെടാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികള്‍ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടി. പിറ്റേന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാന്‍ സ്ഥലത്ത് ഇവര്‍ സന്ദര്‍ശനം നടത്തി. വിനോദിന്റെ ബന്ധുക്കള്‍ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെ മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രതികളിലൊരാളായ അനില്‍ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസിനു ലഭിച്ചു. പലതവണ ചോദ്യം ചെയ്തപ്പോഴും പ്രതികള്‍ വിനോദിനെപ്പറ്റി അറിയില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ഷിബുവും അനിലും പോലീസിനോട് നടന്നതെല്ലാം ഏറ്റു പറയുകയായിരുന്നു. ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി.