തിരുവനന്തപുരം : സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ തങ്ങളുടെ അധികാര പരിധിയല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുതെന്ന് പോലീസിന് നിർദേശം. ലൈംഗികാതിക്രമം ഉൾപ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാൽ ആദ്യം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം. തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറാമെന്നും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. ശിക്ഷാർഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്ത സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥനെ ശിക്ഷിക്കും.
മാനഭംഗക്കേസുകളിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നു. ഇക്കാര്യം നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇൻവെസ്റ്റിഗേഷൻ ട്രാക്കിങ് സിസ്റ്റം ഫോർ സെക്ഷ്വൽ ഒഫൻസസ്’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം നിർബന്ധമായും ഉപയോഗിക്കണം. മാനഭംഗ, ലൈംഗികാതിക്രമ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ തന്നെ വൈദ്യപരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാൽ അവരിൽനിന്ന് രേഖപ്പെടുത്തിയ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണത്താലോ മൊഴിയെടുക്കുന്ന സമയത്ത് മറ്റാരും ഇല്ലായിരുന്നെന്ന കാരണത്താലോ ഒഴിവാക്കരുത്.
ലൈംഗികാതിക്രമ കേസുകളിൽ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുമ്പോൾ ബ്യൂറോ ഒാഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന ലൈംഗികാതിക്രമ തെളിവുശേഖരണ കിറ്റ് ഉപയോഗിച്ചുമാത്രമേ നടത്താവൂ. ഫൊറൻസിക് തെളിവുകൾ ഒരിടത്തുനിന്ന് മറ്റൊരിടത്ത് കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫൊറൻസിക് സയൻസ് സർവീസ് ഡയറക്ടറേറ്റിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാകണം. സ്ത്രീകളുടെ മൊഴിയെടുക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പരാതിയുമായി വരുന്ന സ്ത്രീകളെ സാമൂഹികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും മറ്റും തിരിച്ചയക്കരുത്.