കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് ഏറ്റത് ആറ് കുത്തുകള്‍. മുതുകിലും കഴുത്തിലുമാണ് മാരകമായ കുത്തുകളേറ്റത്. ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഡോ. വന്ദന ദാസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്.
ശ്രീനിലയം കുടവട്ടൂര്‍ സന്ദീപ്(42) ആണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വൈദ്യപരിശോധനയ്ക്കായി പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നയാളാണ് പ്രതി. പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിക്ക് പുറത്ത് നിന്നിരുന്ന പോലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം പ്രതി ആക്രമിച്ചത്. കുത്തേറ്റ് പോലീസുകാര്‍ വീണതോടെ തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു.