മൂവാറ്റുപുഴ : സ്വകാര്യ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിതവിഭാഗം ഡോക്ടറേയും സുരക്ഷാജീവനക്കാരേയും മർദിച്ച മൂന്നുപേർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി ആൻഡ് റിസർച്ച് സെന്ററിലെ അത്യാഹിത വിഭാഗത്തിൽ ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ 10 വയസ്സുള്ള കുട്ടിയുമായാണ് സംഘം ആശുപത്രിയിലെത്തിയത്. അത്യാഹിതവിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചശേഷം ഒരാൾ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തേക്കിറങ്ങണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതോടെ സംഘം ബഹളം വെയ്ക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇതിനിടെ മൂന്നംഗ സംഘം ഡോക്ടറെ മർദിക്കുകയും മുഖത്തെ മാസ്ക് എടുത്തു കളയുകയും ചെയ്തുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തിയ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും സംഘം മർദിച്ചു. കൂടുതൽ സെക്യൂരിറ്റി ജീവനക്കാർ എത്തി രംഗം ശാന്തമാക്കി.ഡോ. ദീപേഷ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഐ.എം. എ. മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. ആനി ഉതുപ്പാൻ, സെക്രട്ടറി ഡോ. മഞ്ജു രാജഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.