മുംബൈ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി. ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും വിരാട് കോലി വ്യക്തമാക്കി. ഡിസംബര്‍ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. ‘ഏകദിന പരമ്പരയ്ക്ക് ഞാനുണ്ടാകും. ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
ഞാന്‍ ഏകദിനത്തിനുണ്ടാകില്ല എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് എനിക്ക് അറിയില്ല. അക്കാര്യം അത് എഴുതിപ്പിടിപ്പിച്ചവരോട് തന്നെ നിങ്ങള്‍ ചോദിക്കണം. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയെ കാണുന്നത്. ഇന്ത്യന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കും. ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതില്‍ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മാതൃകാപരമല്ല. ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ഞാന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.
ഞാനും രോഹിതും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളര്‍ത്തുന്ന ഒരു പ്രവൃത്തിയും എന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ശരിയായ ദിശയിലേക്ക് ടീമിനെ നയിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. കളിയുടെ ആസൂത്രണങ്ങള്‍ നന്നായി വശമുള്ള, മികച്ച ക്യാപ്റ്റനാണ് രോഹിത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമൊത്ത് രോഹിത് ടീമിനെ മികച്ച നിലയില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇരുവര്‍ക്കും എന്റെ എല്ലാ പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് നഷ്ടമാകും.
ഒരു യുവതാരത്തിന് ഇത് അവസരം തുറന്നുകൊടുക്കുകയും ചെയ്യും. വാര്‍ത്താസമ്മേളത്തില്‍ കോലി വ്യക്തമാക്കി. ഡിസംബര്‍ 26 മുതല്‍ 30 വരെ സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ജനുവരി മൂന്നു മുതല്‍ ഏഴു വരെ ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ടെസ്റ്റും ജനുവരി 11 മുതല്‍ 15 വരെ കേപ് ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും. പിന്നാലെ മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയും നടക്കും.