ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്. അതിനാല്‍ തന്നെ കോലിയുടെ ആദ്യ പ്രതികരണത്തിന് ഏറെ പ്രാധാന്യമുണ്ട്. രോഹിത്ത് ശര്‍മ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയില്‍ നിന്ന് പിന്മാറുമെന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോലിയുടെ വാര്‍ത്താസമ്മേളനം പ്രധാനമാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.