കൊച്ചി: വിദേശ രാജ്യങ്ങളില്‍ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. കുവൈത്ത്, ഷാര്‍ജ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സായി ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
പനമ്പള്ളി നഗറിലുള്ള ജോര്‍ജ്ജ് ഇന്റര്‍നാഷനല്‍ കണ്‍സല്‍റ്റന്റ് ഏജന്‍സിക്കെതിരെ 2017 മുതല്‍ പണം നല്‍കിയ 102 പേരാണു പരാതിയുമായെത്തിയത്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കിയവരുണ്ട്. അതിനിടെ പണം തിരികെ നല്‍കാം എന്നു വിശ്വസിപ്പിച്ചു ഇന്നലെ തട്ടിപ്പിനിരയായവരെ ഏജന്‍സി വിളിച്ചു വരുത്തി. എന്നാല്‍ പണം അവര്‍ക്ക് ലഭിച്ചില്ല. പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഏജന്‍സിക്ക് മുന്നില്‍ ധര്‍ണ നടത്തി. മൂന്ന് വര്‍ഷമായിട്ടും ജോലി ലഭിക്കാത്തവര്‍ പണം തിരികെ ആവശ്യപ്പെട്ടു. അതും കിട്ടാതെ വന്നപ്പോള്‍ തേവര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പണം ആവശ്യപ്പെട്ട കുറച്ചു പേര്‍ക്ക് ഏജന്‍സി ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്കുകള്‍ മടങ്ങി. ഉദ്യോഗാര്‍ഥികളില്‍ പലരുടെയും സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടും ഏജന്‍സിയുടെ കൈവശമാണ്. പണം കൂടുതല്‍ നല്‍കിയവരില്‍ ചിലരെ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ജോലി ലഭിച്ചില്ല. റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ പ്രതികള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസന്‍സികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിസി ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജ് ജോസ് എന്നിവര്‍ തൊടുപുഴ സ്വദേശി ഉദയന്‍, കോട്ടയം സ്വദേശികളായ ജയ്സണ്‍, വിന്‍സന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വര്‍ഗീസ് എന്നിവര്‍ക്കു സ്ഥാപനം നടത്തുന്നതിനു കരാര്‍ കൊടുത്തിരിക്കുകയാണ്. കരാറെടുത്തവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ ശേഷം മുങ്ങുകയായിരുന്നു.