കണ്ണൂർ : പാനൂരിൽ പ്രണയ പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആഴമേറിയ മുറിവുകളാണ് മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റു. നെഞ്ചിലും കാലിലും കയ്യിലുമേറ്റ മുറിവുകളും ആഴമേറിയതെന്ന് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറി കൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.
സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പോലീസ് സാക്ഷിയാക്കും. ശ്യാംജിത്ത് എത്തുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു. വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്.