പത്തനംതിട്ട : ഏപ്രില്‍ 14 ന് വിഷുകൈനീട്ടമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ മുഖേന 5000 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. അന്ന് രാവിലെ 10ന് എല്ലാ സ്ഥലങ്ങളിലും ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യും.
ജില്ലയിലെ 10 ബ്ലോക്ക് കമ്മിറ്റികളുടെയും 79 മണ്ഡലം കമ്മിറ്റികളുടെയും, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മഹിളാ കോണ്‍ഗ്രസ് അദ്ധ്യാപക സര്‍വ്വീസ് സംഘടനകള്‍, കെ. കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിരോധ സാമിഗ്രികള്‍, മരുന്നുകള്‍, ഭക്ഷണപൊതികള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍ എന്നിവ എത്തിച്ചുനല്‍കുന്നതോടൊപ്പം രോഗീ പരിചരണം, ക്ലീനിംഗ്, രോഗികളെ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഏകോപന ചുമതല ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവര്‍ക്കാണ്. ഡി.സി.സി ഓഫീസില്‍ എത്തുന്ന എല്ലാ പരാതികള്‍ക്കും ഉടനടി പരിഹാരം കാണുന്ന സമീപനമാണ് കൈക്കൊണ്ടുവരുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ജില്ലയില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളെ സി.പി.എം അസഹിഷ്ണുതയോടെയാണ് നോക്കികാണുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍തന്നെ കോണ്‍ഗ്രസും പോഷക സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും അവശ്യ വസ്തുക്കള്‍ ഫലപ്രതമായി വിതരണം ചെയ്യുന്നു. ഡി.സി.സി യുടെ നേതൃത്വത്തില്‍ ജില്ലയിലെ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍, ഭിന്നശേഷിക്കാരുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ വിതരണത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നടത്തുന്ന സാമൂഹിക അടുക്കളകളുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം ബോധപൂര്‍വ്വമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുറമറ്റം, തണ്ണിത്തോട് പഞ്ചായത്തുകളിലും, തിരുവല്ല, പത്തനംതിട്ട നഗരസഭകളിലും ഈ പ്രവണത നിലനില്‍ക്കുന്നു. യോജിച്ച അന്തരീക്ഷത്തില്‍ പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുമ്പോള്‍ ഇതിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടവും സി.പി.എമ്മും കൈക്കൊള്ളുന്നതെന്ന് ബാബു ജോര്‍ജ്ജ് ആരോപിച്ചു.