ഇലവുംതിട്ട : ഇലവുംതിട്ടയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന ചാമക്കാലായിൽ വിശ്വനാഥ(68)നെ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.
ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും മെഴുവേലി പഞ്ചായത്ത് അധികൃതരുടെയും ഇടപെടലിലൂടെയാണ് വിശ്വനാഥന് മോചനമായത്.
വർഷങ്ങളായി ഇലവുംതിട്ട മാർക്കറ്റിലും മറ്റും ജോലി എടുത്താണ് വിശ്വനാഥൻ കഴിഞ്ഞിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചപ്പോൾ പല വീടുകളുടെയും പിന്നാമ്പുറങ്ങളിലും കടത്തിണ്ണകളിലും മറ്റും അന്തി ഉറങ്ങിയിരുന്ന ഇദ്ദേഹത്തിന് ഭക്ഷണവും മറ്റും നൽകിയിരുന്നത് അടുത്തുള്ള വ്യാപാരികളായിരുന്നു. കുറച്ചുദിവസങ്ങളായി കാലിലെ വൃണം പഴുത്തു ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. കൂടാതെ ഉദര രോഗത്താലും ബുദ്ധിമുട്ടിയിരുന്നു. ഈ ദയനീയാവസ്ഥ കണ്ടറിഞ്ഞ് നാട്ടുകാർ വിവരം മെഴുവേലി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത അനിലിനെ അറിയിച്ചു.
അവർ ഈ വിവരം ഇലവുംതിട്ട ജനമൈത്രി പോലീസിൽ അറിയിച്ചതിനെ തുടര്‍ന്ന് എസ്എച്ച് ഒ ബി അയൂബ്ഖാന്റെ നിർദ്ദേശ പ്രകാരം ബീറ്റ് ഓഫീസർ അൻവർഷാ സ്ഥലത്തെത്തി കാര്യങ്ങൾ നേരിൽകണ്ട് മനസ്സിലാക്കുകയും വിവരം കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഐ ആർ ശ്രീകുമാർ, ബീറ്റ് ഓഫീസർ അൻവർഷ, പ്രശാന്ത്, ശ്രീജിത്ത്, വിനീത അനില്‍ എന്നിവരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ചെയര്‍മാനും സഹപ്രവർത്തകരും എത്തി വിശ്വനാഥന്റെ സംരക്ഷണം ഏറ്റെടുത്തു. തുടർ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് വിശ്വനാഥനെ മാറ്റി.