കൊല്ലം : വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം കൊല്ലം ഒന്നാം അഡീ. സെഷന്‍സ് ജഡ്ജി മുമ്പാകെ ചൊവ്വാഴ്ച ആരംഭിക്കും. വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി പ്രോസിക്യൂഷന്‍ ഭാഗം വാദം ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്. പ്രോസിക്യൂഷനും പ്രതിഭാഗവും ഫോണിലെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളെ അധികരിച്ച് വാദം പറയുന്നതിനാല്‍ പ്രതിയുടെയും വിസ്മയയുടെയും ഉള്‍പ്പെടെ സംഭാഷണങ്ങള്‍ തുറന്ന കോടതിയില്‍ കേള്‍ക്കും. പ്രതിഭാഗം സാക്ഷി വിസ്താരം തിങ്കളാഴ്ച പൂര്‍ത്തിയായി. പ്രതിഭാഗത്തുനിന്ന് അഞ്ച് പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് സമര്‍പ്പിച്ചതെങ്കിലും രണ്ടുപേരെ മാത്രമേ വിസ്തരിച്ചുള്ളു. മൂന്ന് മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കിയിരുന്നെങ്കിലും അവരെ വിസ്തരിച്ചില്ല. കിരണ്‍കുമാറിന്റെ മാതൃസഹോദര പുത്രന്‍ ശ്രീഹരി, ശൂരനാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഗിരീഷ് എന്നിവരെയാണ് വിസ്തരിച്ചത്.
സംഭവദിവസം രാത്രി ഒന്ന് കഴിഞ്ഞപ്പോള്‍ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള വിളിച്ചെന്നും ശൂരനാട് പോലീസ് സ്റ്റേഷനില്‍ പോയി അവിടെയുണ്ടായിരുന്ന ചന്ദ്രമോഹന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനോട് വിസ്മയ മരിച്ച വിവരം പറഞ്ഞെന്നും സദാശിവന്‍പിള്ള കൈമാറിയ ഒരു കുറിപ്പ് പോലീസ് ഉദ്യോഗസ്ഥന്‍ ഉച്ചത്തില്‍ വായിച്ചപ്പോള്‍ ‘തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്നായിരുന്നു കേട്ടതെന്നും സാക്ഷി ശ്രീഹരി കോടതിയില്‍ പറഞ്ഞു. കിരണ്‍ ആശുപത്രിയില്‍ ചെന്നശേഷം മുഴുവന്‍ സമയവും പുറത്തിരിക്കുകയായിരുന്നെന്നും ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നെന്നും മൊഴി നല്‍കി. കിരണ്‍ ആശുപത്രിയില്‍ കയറുകയോ ഡോക്ടറോട് ഒരിക്കലും സംസാരിക്കുകയോ ചെയ്തില്ലെന്ന് മൊഴി പറഞ്ഞ സാക്ഷിയെ പത്മാവതി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചശേഷം സ്പെഷല്‍ പ്രോസക്യൂട്ടര്‍ വിസ്താരം നടത്തി.
റിസപ്ഷന്‍ കൗണ്ടറില്‍ പ്രതിയും സാക്ഷിയും സദാശിവന്‍ പിള്ളയും നില്‍ക്കുന്ന ദൃശ്യങ്ങളും ആശുപത്രിയിലെ കാഷ്വല്‍റ്റിക്കുള്ളില്‍ കിരണ്‍ ഡോക്ടറോട് സംസാരിക്കുന്ന ദൃശ്യങ്ങളും കണ്ട സാക്ഷി അത് സത്യമാണെന്ന് മൊഴി നല്‍കി. ശൂരനാട് എസ്.എച്ച്.ഒ ഗിരീഷ് ഹാജരാക്കിയ സ്റ്റേഷന്‍ രേഖ വ്യാജമാണെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഒരിക്കലും അങ്ങനെ വരില്ലെന്ന് എസ്.എച്ച്.ഒ മറുപടി നല്‍കി. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കും പോകുന്ന രേഖകളാണെന്നും ആയതില്‍ ഒരിക്കലും കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും മൊഴി നല്‍കി. സി.സി ടി.വി ദൃശ്യങ്ങള്‍ സംബന്ധിച്ച് കോടതി പ്രതിയില്‍നിന്ന് ചൊവ്വാഴ്ച വിശദീകരണം തേടും.