കൊല്ലം : ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ മേധാവി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി മരിച്ച വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളെ കാണും. തുടര്‍ന്ന് പോരുവഴിയില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍തൃഗൃഹത്തിലും ഐജിയെത്തും.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനു പുറമേ മറ്റ് ബന്ധുക്കളെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. വിസ്മയയുടേത് തൂങ്ങി മരണമാണെന്ന് പറയുന്ന പോലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇനിയും തയ്യാറായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഷ്യം. അതേ സമയം ഇന്നലെ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ റിമാന്‍ഡില്‍ കൊട്ടാരക്കര സബ് ജയിലിലാണ്.