കൊല്ലം: വിസ്‌മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പോലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും. കിരണിനെ വീട്ടിലെത്തിച്ചുളള തെളിവെടുപ്പ് അവസാനിച്ചു.
വിസ്‌മയയെ വിവാഹശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കിരണ്‍ കുമാര്‍ മൊഴി നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിസ്‌മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പോലീസിന് വിവരം ലഭിച്ചു. വിസ്‌മയക്ക് സ്‌ത്രീധനമായി ലഭിച്ച 40 പവന്‍ പോരുവഴിയിലെ എസ് ബി ഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പോലീസിനോട് പറഞ്ഞു. കിരണിന്റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്.
പോരുവഴിയിലെ എസ് ബി ഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന്‍ ലോക്കറില്‍ നിന്നും കണ്ടെടുത്തു. വിസ്‌മയയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ, പോലീസ് സര്‍ജന്റെയും ഫോറന്‍സിക് ഡയറക്‌ടറുടേയും സാന്നിദ്ധ്യത്തില്‍ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
166 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. പോലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ദ്ധരും ഇന്ന് വിസ്‌മയ മരിച്ച കിരണിന്റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തും.
വിസ്‌മയയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതറിയാന്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും വിസ്‌മയയുടേത് കൊലപാതകമാണോ എന്നതില്‍ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് പോലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.