കൊല്ലം : ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ഗാര്‍ഹിക പീഡനത്തിന് കൂടുതല്‍ തെളിവുകള്‍ പോലീസിന് കിട്ടി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നു. ഇതോടെ പീഡനക്കേസില്‍ കിരണിന്റെ അച്ഛനും അമ്മയും പ്രതിയാകും. വിസ്മയയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതും. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.
ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവെച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗണ്‍സലിങ് വിദഗ്ധന്‍ പോലീസിനു കൈമാറി. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ്. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയും പീഡനത്തെ സാധൂകരിക്കുന്നു. പഴയ വാട്‌സാപ്പ് ചിത്രങ്ങളും കിരണിന് എതിരായി മാറും. സ്ത്രീധന പീഡനത്തില്‍ പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസ് ഇപ്പോള്‍. അതിന് ശേഷം മാത്രമേ വിസ്മയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്തിമ നിലപാടിലേക്ക് എത്തൂ.
താന്‍ നേരിടുന്ന നിരന്തര പീഡനങ്ങള്‍ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവെച്ചിരുന്നു. ഇവരില്‍ നിന്നെല്ലാം വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. ഇത അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേര്‍ന്നുള്ളതാണ് ശുചിമുറി. വിസ്മയ മരിക്കുമ്പോള്‍ ഈ മുറിയില്‍ കിരണ്‍ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കില്‍ ഇക്കാര്യം കിരണ്‍ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല.
166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ അല്‍പം മാത്രം ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതും ടര്‍ക്കി ടവ്വല്‍ ഉപയോഗിച്ച്. ഇങ്ങനെ വിസ്മയ തൂങ്ങി നില്‍ക്കുന്നത് കിരണ്‍ അല്ലാതെ മറ്റാരും കണ്ടതുമില്ല. ഇതും ദുരൂഹതയാണ്. കഴുത്തിലെ പാട് താഴ്ന്ന് കിടക്കുന്നതും ആത്മഹത്യാ ശ്രമത്തിനിടയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യാത്തതും സംശയം കൂട്ടുന്നു. അതുകൊണ്ട് തന്നെ വിസ്മയയെ കെട്ടിത്തൂക്കി കൊന്നതാകാനുള്ള സാധ്യതയാണ് ഏറെയും. കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്യും. ഇതാണ് ഇനി അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുക.
ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. കിരണ്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. എങ്കിലും ശാസ്ത്രീയ തെളിവ് ശേഖരണം ഈ കേസില്‍ നിര്‍ണ്ണായകമാണ്.
വിസ്മയ കേസില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഏറ്റവും നല്ല മാര്‍ഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിആര്‍പിസി 164 ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞദിവസം ലഭിച്ച ഫോറന്‍സിക് പരിശോധനാഫലം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകനം ചെയ്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.