പന്തളം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ പന്തളത്ത് വിസ്മയ പഠിച്ചിരുന്ന മന്നം ആയുര്‍വേദ കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് അഞ്ചുമണിയോടെ ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കിരണ്‍ കുമാറിനേയുംകൊണ്ട് എത്തിയത്. ഇയാള്‍ കോളജില്‍നിന്നും വിസ്മയയെ കൂട്ടി പോയിട്ടുള്ള പന്തളം വലിയകോയിക്കല്‍ തൂക്കുപാലത്തിലും എത്തിച്ച് തെളിവെടുത്തു.
ആയുര്‍വേദ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന വിസ്മയ, കിരണിന്റെ ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മാറുകയും വിവാഹമോചന നടപടികളുമായി മുന്നോട്ടുപോയിരുന്നതുമാണ്. ഇതിനിടെയാണ് കിരണ്‍ മന്നം ആയുര്‍വേദ കോളജിലെത്തി വിസ്മയയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പല തവണ ഇയാള്‍ കോളജില്‍ എത്തി വിസ്മയയെ കണ്ടിരുന്നു.