ദില്ലി : മൂന്ന് വര്‍ഷം മുമ്പ് മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് കൊളുത്തിയ ദീപം ഇന്ന് ആളിക്കത്താന്‍ തുടങ്ങിയിരിക്കുന്നു. അക്കാദമി സൃഷ്ടിച്ചെടുത്ത പ്രതിഭകളുടെ നീണ്ട ക്യൂ ആനന്ദിന്റെ പ്രതിഭയെ പിന്തുടരാന്‍ സജ്ജരാണ്. 2020 ഡിസംബറിലാണ് ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തന്റെ ചെസ്സ് അക്കാദമി തുടങ്ങിയത്. താന്‍ തുടങ്ങിവച്ച രാജ്യത്തിന്റെ മഹത്തായ ചെസ് പാരമ്പര്യം പിന്തുടരാന്‍ ശേഷിയുള്ള ഒരു പുതുതലമുറയെ വളര്‍ത്തിക്കൊണ്ടു വരണം എന്നൊരു സ്വപ്നം ഇതിനുപിന്നില്‍ ഉണ്ടായിരുന്നു. താന്‍ വെട്ടിത്തെളിയിച്ച പാതയില്‍ മുന്നേറാന്‍ കൂടുതല്‍ യുവ പ്രതിഭകളെ അദ്ദേഹം തേടുകയായിരുന്നു. ഓണ്‍ലൈന്‍ വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയുടെ ആദ്യ ബാച്ചിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേര് ലോകം ഇതിനോടകം കേട്ടു കഴിഞ്ഞതാണ്. ആര്‍ പ്രഗ്‌നാനന്ദ, ആര്‍ വൈശാലി, ഡി ഗുകേഷ് തുടങ്ങിയവര്‍ വരാനിരിക്കുന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയവരാണ്.
നിഹാല്‍ സരിന്‍, റൗനക് സാധ്വാനി, ലിയോണ്‍ ലൂക്ക് മെന്‍ഡോങ്ക എന്നിവരാണ് ആനന്ദിന്റെ അക്കാദമിയിലെ മറ്റ് വാഗ്ദാനങ്ങള്‍. നിഹാല്‍, റൗനക്, ലിയോണ്‍, പ്രഗ്‌നാനന്ദ, ഗുകേഷ് എന്നിവരാകട്ടെ ലോകത്തിലെ ഏറ്റവും മികച്ച 10 ജൂനിയര്‍ റാങ്കുകാരില്‍ ഉള്‍പ്പെടുന്നവരാണ്. WACA യില്‍ ആനന്ദ് മാത്രമല്ല ഉപദേഷ്ടാവായിട്ടുള്ളത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ സഹായിക്കാന്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സിന്റെ ഒരു കൂട്ടത്തെ തന്നെ അദ്ദേഹം അണിനിരത്തിയിട്ടുണ്ട്. ഇന്ത്യന്‍ യുവത്വം എന്റെ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പരിപാടിയായിരുന്നു ചെസ്സ് അക്കാദമിയുടെ ആശയം. ഞങ്ങള്‍ തിരഞ്ഞെടുത്ത ആദ്യ ഗ്രൂപ്പ് ഇപ്പോള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അവര്‍ ഇത്ര വേഗത്തില്‍ ലക്ഷ്യം കൈവരിച്ചുവെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടെന്ന് ആനന്ദ് പറഞ്ഞു.