വിഴിഞ്ഞo : സമരക്കാരെ തൊട്ടാൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇടവക വികാരിയുടെ ഭീഷണി അന്ന് പോലീസ് കാര്യമായിട്ടെടുത്തില്ല. എന്നാൽ കഴിഞ്ഞ ദിവസം വികാരി പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. സഭാ വിശ്വാസികളായ അക്രമികൾ പോലീസ് സ്റ്റേഷൻ അടിച്ച് തകർത്തു. പോലീസ് വാഹനങ്ങളും തകർത്തു. പോലീസുകാരുടെ തലയടിച്ചു പൊട്ടിച്ചു. സമാനതകളില്ലാത്ത അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ ഇടവക വികാരി ഇപ്പോഴും യാതൊരു ഭയവുമില്ലാതെ സമൂഹത്തിൽ നടക്കുകയും ചെയ്യുന്നുണ്ട്.
വിഴിഞ്ഞത്ത് സമരക്കാരെ പിടിച്ചു കൊണ്ടുപോയാൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് പ്രസംഗത്തിലൂടെയാണ് ഇടവക വികാരി സജു റോൾഡൻ ഭീഷണി ഉയർത്തിയത്. ലത്തീൻ രൂപതയുടെ തുറമുഖ സമര വേദിയിലാണ് സജു പോലീസിനും ഭരണകൂടത്തിനുമെതിരെ ഭീഷണിയുമായി എത്തിയത്. സമരക്കാരെ പോലീസ് പിടിച്ചുകൊണ്ടുപോയാലോ അവർക്ക് എന്തെങ്കിലും സംഭവിച്ചാലോ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്നായിരുന്നു സജുവിൻ്റെ ഭീഷണി. മുല്ലൂരിൽ പ്രാദേശിക കൂട്ടായ്മ സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ച ആറംഗ സംഘത്തെ പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് വികാരി ഭീഷണിയുമായി രംഗത്തെത്തിയത്.
ഫ്ളക്സ് നശിപ്പിച്ചതിൻ്റെ പേരിൽ അറസ്റ്റു ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമരവേദിയിൽ പുരോഹിതൻ്റെ വിവാദ പ്രസംഗം. സജു റോൾഡൻ്റെ ഭീഷണി പ്രസംഗം വിവാദമായതിനെ തുടർന്ന് പുരോഹിതനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവത്തിൽ വിഴിഞ്ഞം പോലീസ് നടപടിയുമായി രംഗത്തെത്തിയത്. പുരോഹിതനെതിരെ സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമം, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ വൈദികരെയടക്കം ആരെയും പേരെടുത്ത് പ്രതിയാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.പൊലീസുകാർക്ക് എതിരെയുള്ള വധശ്രമത്തിനും അവരുടെ ജോലി തടഞ്ഞതിനുമാണ് കേസെടുത്തിട്ടുള്ളത്. സമരക്കാർ പോലീസിനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഘം ചേർന്ന് പോലീസിനെ ബന്ദിയാക്കിയെന്നും 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറിൽ പറയുന്നു. പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ കർശന നടപടിയുണ്ടാകുമെന്ന് എ ഡി ജി പി എം ആർ അജിത് കുമാർ അറിയിച്ചു.
മൂന്ന് മണിക്കൂറോളം പോലീസിനെ ആക്രമിച്ച ശേഷമാണ് ലാത്തി വീശിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ആദ്യം അറസ്റ്റുചെയ്‌ത സെൽട്ടനെ റിമാൻഡ് ചെയ്തു. ഇയാളെ മോചിപ്പിക്കാനെത്തിയതായിരുന്നു ബാക്കി നാലുപേർ. ഇവരെ കസറ്റ്റഡിയിലെടുത്തതോടെയാണ് അക്രമികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം.