തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപ സാഹചര്യം ഉണ്ടാകാന്‍ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പരാജയമാണ് ഇത്രയും വ്യാപകമായ അക്രമം ഭരണസിരാ കേന്ദ്രത്തിനടത്ത് നടക്കാന്‍ കാരണം. സര്‍ക്കാരിലെ ഒരു വിഭാഗം സമരക്കാര്‍ക്ക് ഒത്താശ ചെയ്തപ്പോള്‍ ചിലര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി നിരവധി തവണ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഭരണകൂടം മൃദുസമീപനം കൈക്കൊള്ളുകയായിരുന്നു. വേണ്ടത്ര പോലീസിനെ വിഴിഞ്ഞത്ത് വിന്യസിക്കാതെ സമരം കലാപമായി മാറിയത് സര്‍ക്കാരിന്റെ പരാജയമാണ്.
കഴിഞ്ഞ ദിവസം പോലീസിന്റെ കണ്‍മുന്നിലാണ് തുറമുഖ വിരുദ്ധ സമരക്കാര്‍ സമരത്തെ എതിര്‍ക്കുന്നവരെ ആക്രമിച്ചത്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്.
പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനടപടി തുടരും. മൂന്നുമണിക്കൂറോളം പോലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു.