കോവളം : വിഴിഞ്ഞം കൊലപാതകത്തില്‍ പ്രതികള്‍ വിറ്റ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മുല്ലൂരില്‍ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുമായി ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതിയും മുഖ്യപ്രതി റഫീക്കയുടെ സുഹൃത്തുമായ അല്‍ അമീനുമായാണ് (26) പോലീസ് വിഴിഞ്ഞത്തെ സ്വകാര്യ ജ്വല്ലറിയില്‍ തെളിവെടുത്തത്. ശാന്തകുമാരിയില്‍നിന്നും കവര്‍ന്ന വള, മാല, കമ്മലുകളുമടക്കം 20 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളാണ് ജ്വല്ലറിയില്‍ വിറ്റത്. ഇവ കണ്ടെടുത്തു. കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട പ്രതികള്‍ ഓട്ടോറിക്ഷയില്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപത്തെ ജങ്ഷനിലെത്തിയിരുന്നു. റഫീക്ക, മകന്‍ ഷഫീക്ക് എന്നിവരെ പുറത്ത് നിര്‍ത്തിയശേഷം അല്‍ അമീനായിരുന്നു ആഭരണങ്ങള്‍ ജ്വല്ലറിയില്‍ കയറി വിറ്റത്.
ആഭരണം വിറ്റ് ലഭിച്ച രൂപയുമായി സംഘം തമ്പാനൂരിലെ ലോഡ്ജിലെത്തുകയും രാത്രിയോടെ സ്വകാര്യ ബസില്‍ കയറി കോഴിക്കോട്ടേക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായും പ്രതികള്‍ സമ്മതിച്ചു. ഇവര്‍ സഞ്ചരിച്ച ബസിന്റെ വിവരങ്ങള്‍ ശേഖരിച്ച് കഴക്കൂട്ടത്ത് ബസ് നിര്‍ത്തിച്ചായിരുന്നു അറസ്റ്റ്. വിഴിഞ്ഞം എസ്‌എച്ച്‌ഒ പ്രജീഷ് ശശി, എസ്‌ഐ കെ.എല്‍ സമ്പത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.ജയകുമാര്‍, വില്ലേജ് ഓഫീസര്‍ ജിജി മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.