തിരുവനന്തപുരം: മലയാളികള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്‍റെ അനുമതി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീപോര്‍ട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു കഴിഞ്ഞു. കസ്റ്റംസ് ആക്ടിലെ സെക്‌ഷന്‍ 7എ അംഗീകാരമാണ് കിട്ടിയത്. ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചിരുന്നു. റോഡ്, റെയില്‍ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളില്‍നിന്ന് ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകള്‍ വലിയ ചരക്കുകപ്പലിലേക്ക് (മദര്‍ വെസല്‍) മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണ് ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖങ്ങള്‍.
കസ്റ്റംസില്‍നിന്ന് സെക്‌ഷന്‍ 8, സെക്‌ഷന്‍ 45 അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. റോഡ്, റെയില്‍ കണക്റ്റിവിറ്റികളും സജ്ജമാകുന്ന മുറയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കാം. ഇത് ഈ ഓണത്തിു മുൻപു സാധ്യമാകുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാക്കുകള്‍ യാഥാർഥ്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇഇസഡ്) നിര്‍മാണ, മാനേജ്‍മെന്‍റ് ചുമതലകൾ നിര്‍വഹിക്കുന്ന വിഴിഞ്ഞം തുറമുഖം. നിലവില്‍ കൊച്ചി അടക്കം കേന്ദ്ര സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് 12 പൊതുമേഖലാ മേജര്‍ തുറമുഖങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍നിന്നും തിരിച്ചും കടല്‍ വഴിയുള്ള മൊത്തം ചരക്കുനീക്കത്തിന്‍റെ 33 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖമാണ്.