തിരുവനന്തപുരം : കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതികാനുമതി ലഭിച്ചതിനാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. അഹമദ് ദേവര്‍കോവില്‍ എം.എല്‍.എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.2024 ഡിസംബര്‍ 3 ന് പ്രവര്‍ത്തനക്ഷമമായ ഒന്നാംഘട്ടത്തന്‍റെ പ്രതിവര്‍ഷ ശേഷി 1 മില്യണ്‍ TEU ആണ്. തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 3 മില്യണ്‍ TEU ആയി ഉയരും. തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളര്‍ച്ചയുണ്ടാകും. തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് NHAI യുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്ക പ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലകളിലേക്ക് മൂലധനം ആകര്‍ഷിക്കുന്നതിലേക്കായി ജനുവരി 29, 30 തീയതികളില്‍ വിഴിഞ്ഞം കോണ്‍ക്ലേവ്, ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് എന്നിവ നടത്തുകയുണ്ടായി. ഇതിലൂടെ തെക്കന്‍ കേരളമുള്‍പ്പെടെ എല്ലാ ജില്ലകളിലും തുറമുഖാധിഷ്ഠിത വ്യവസായങ്ങളുടെയും ലോജിസ്റ്റിക് സേവന ദാതാക്കളുടെയും ഒരു ശൃംഖല തന്നെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രൂപം കൊള്ളുന്നതാണ്.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി കേരളതീരത്ത് കൂടി കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്ന് കണക്കാക്കുന്നു. കേന്ദ്രീകൃത തുറമുഖമായി വിഴിഞ്ഞത്തെ കണ്ടുകൊണ്ട് ഇതര തുറമുഖങ്ങളില്‍ നിന്നും വിഴിഞ്ഞത്തേക്ക് ചരക്കു നീക്കം നടത്തുന്നതിനായുള്ള നടപടികളും ആരംഭിക്കുന്നതാണ്. നോണ്‍ മേജര്‍ തുറമുഖങ്ങളായ വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂര്‍, അഴിക്കല്‍, എന്നിവിടങ്ങളില്‍ ചരക്ക് യാത്രാ കപ്പലുകള്‍ അടുപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ട്. വിദേശ കപ്പലുകള്‍ അടക്കം തുറമുഖത്ത് വന്ന് പോകുവാന്‍ ആവശ്യമായ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റായ ഐ.എസ്.പി.എസ് വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂര്‍, അഴിക്കല്‍ തുറമുഖങ്ങള്‍ക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. തുറമുഖത്ത് തന്നെ കസ്റ്റംസ് ക്ലിയറന്‍സ് ഉറപ്പാക്കുവാനുള്ള ഐ.എസ്.പി. സര്‍ട്ടിഫിക്കേഷനും അഴിക്കല്‍ ഒഴികെയുള്ള തുറമുഖങ്ങള്‍ക്കുണ്ട്. അഴിക്കല്‍ തുറമുഖത്തിനും ഐ.എസ്.പി. സ്റ്റാറ്റസ് നേടിയെടുക്കാന്‍ ഊര്‍ജിത ശ്രമം നടത്തി വരുന്നു. ചരക്ക് ഗതാഗതം ഉറപ്പാക്കുന്നതിന് ഈ മേഖലയിലെ വാണിജ്യ സംഘടനകള്‍, വെസല്‍ ഓപ്പറേറ്റേഴ്സ്, മറ്റു ബന്ധപ്പെട്ടവര്‍ എന്നിവര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിന് മുന്‍കൈ എടുക്കുന്നുണ്ട്.
നോണ്‍ മേജര്‍ തുറമുഖ വികസനം കേരള മാരിടൈം ബോര്‍ഡിന്‍റെ കിഴിലുള്ള നാല് ഓപ്പറേഷനല്‍ നോണ്‍ മേജര്‍ തുറമുഖങ്ങളിലും ചരക്ക് യാത്രാ ഗതാഗതത്തിന് ആവശ്യമായ കപ്പല്‍ ചാനലിലെ ആഴം, തുറമുഖ വാര്‍ഫ്, ക്രയിനുകള്‍, മറ്റു യന്ത്രസാമഗ്രികള്‍, വെയര്‍ഹൗസുകള്‍ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കപ്പല്‍ ചാനലിന്‍റെ ആഴം കൂട്ടിയും, അധികമായി വാര്‍ഫുകള്‍ നിര്‍മ്മിച്ചും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തിന്‍റെ ആഴം കൂട്ടല്‍, അഡീഷണല്‍ വാര്‍ഫ് നിര്‍മ്മാണം, കൊല്ലം തുറമുഖത്തിന്‍റെ ആഴം കൂട്ടല്‍, അഡീഷണല്‍ വാര്‍ഫ് നിര്‍മ്മാണം, പൊന്നാനി തുറമുഖത്ത് പുതിയ വാര്‍ഫ് നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ സാഗര്‍മാല പദ്ധതിയിലൂടെയുള്ള കേന്ദ്ര സഹായത്തോടുകൂടി നടപ്പിലാക്കുവാന്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിച്ച് 50% സാമ്പത്തിക സഹായം നേടി പദ്ധതി നടപ്പിലാക്കും.
മാരിടൈം മേഖല സ്വകാര്യ നിക്ഷേപത്തോടെ കൂടുതല്‍ വികസിപ്പിക്കുവാന്‍ ഉതകുന്ന മേഖലയാണ് ഇത് കണക്കിലെടുത്ത് സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് ബോര്‍ഡിന്‍റെ കിഴിലുള്ള നാല് നോണ്‍ മേജര്‍ തുറമുഖങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കി വരുന്നു. ഒപ്പം പൊന്നാനിയില്‍ ഒരു തുറമുഖം സ്വകാര്യ പങ്കാളിത്തത്തോടെ പുതുതായി വികസിപ്പിക്കുവാനും കേരള മാരിടൈം ബോര്‍ഡ് സാധ്യത തേടുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.