കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്‌ഷോർ ആശുപത്രിയിൽ പരിശോധന നടത്താനാണ് നിർദേശം. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നാണ് ആശുപത്രി അധികൃതർ വിജിലൻസിനെ അറിയിച്ചത്.
അതുകൊണ്ടുതന്നെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം കോടതിയെ സമീപിച്ചത്. ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. ഇത് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യപരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു. ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ഞായർ, തിങ്കള്‍ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം പരിശോധന നടത്തണം. ഇതിന്റെ റിപ്പോർട്ട് 24 ന് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.