കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ കേസില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതിയിലൂടെ ലഭിച്ച പത്തു കോടിയിലേറെ രൂപ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചെന്ന പരാതിയില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.
ഇബ്രാഹിംകുഞ്ഞ് ആരോപണ വിധേയനായ പാലാരിവട്ടം പാലം അഴിമതിക്കേസും കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഒന്നിച്ച് അന്വേഷിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. കഴിഞ്ഞയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് പഴയ നിലപാട് ആവര്‍ത്തിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നിഷേധിച്ചതായും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിക്കും. ഇബ്രാഹിംകുഞ്ഞിന്റെയും അടുത്ത ബന്ധുക്കളുടെയും സ്വത്തുക്കളെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തും പുറത്തുമുള്ള സ്വത്തുക്കള്‍, വ്യവസായ സംരംഭങ്ങള്‍, നിക്ഷേപം എന്നിവയും പരിശോധിക്കും.