കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം. ആരോഗ്യസ്ഥിതി പരിഗണിച്ച് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം എന്നിവയാണ് ജാമ്യത്തിനുള്ള ഉപാധികള്‍.
ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈകോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.
മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഈ സമയത്തായിരുന്നു മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈകോടതി വിമര്‍ശിച്ചത്