ചെന്നൈ : തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനായി നിർണായക നീക്കവുമായി മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല. തന്നെ പുറത്താക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 4 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി ജനുവരി 27ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ശശികല കളം നിറയുന്നത്.
2017 ഫെബ്രുവരിയിൽ ജയിലിലേക്കു പോകുമ്പോൾ ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ ലയിച്ചപ്പോൾ ജനറൽ കൗൺസിൽ യോഗം ശശികലയെ പുറത്താക്കി. ഇതിനെതിരെയാണ് ശശികല കോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ശശികലയുടെ ആവശ്യം. കേസിൽ മദ്രാസ് ഹൈക്കോടതി മാർച്ച് 15 ന് വാദം കേൾക്കും. താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.
വി.കെ.ശശികലയെ അണ്ണാഡിഎംകെയിൽ തിരിച്ചെടുക്കില്ലെന്നു 100% ഉറപ്പാണെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ അറിയിച്ചിരുന്നു. ശശികലയെ സ്വാഗതം ചെയ്യരുതെന്ന അണ്ണാഡിഎംകെ പൊതുവികാരം മുഖ്യമന്ത്രി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായി അടിച്ചേൽപ്പിക്കലുണ്ടാകില്ലെന്ന ഉറപ്പ് ബിജെപി നേതൃത്വം നൽകിരുന്നു. ഇതിനകം അണ്ണാ ഡിഎംകെ എംഎൽഎമാരിൽ ചെറിയ വിഭാഗം ചിന്നമ്മയോടു കൂറ് കാണിച്ചു തുടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇവരെ കാണാനോ ആശയ വിനിമയത്തിനോ ശശികല തയാറായിട്ടില്ല.