തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലയെ ന്യായീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി എം സുധീരന്‍ തന്റെ ഫേസ്ബുക് കുറിപ്പില്‍. എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ഗവര്‍ണര്‍ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനില്‍ക്കുന്നതെന്നും വിഎം സുധീരന്‍ ചോദിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം
‘ബോര്‍ഡ് ഓഫ് സ്റ്റഡീസ്’ പോലും ഇല്ലാത്ത അവസ്ഥയില്‍ പിജി സിലബസില്‍ ആര്‍എസ്‌എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍, ബല്‍രാജ് മധോക്ക് തുടങ്ങിയവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ സര്‍വ്വകലാശാലയെ ന്യായീകരിച്ച ബഹു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍്റെ നടപടി അങ്ങേയറ്റം അനുചിതവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണ്.
പ്രസ്തുത വിവാദ സിലബസ് പുനപരിശോധിക്കാന്‍ പ്രോചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വിശദീകരണം തേടുകയും ചെയ്ത സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ബഹു.ഗവര്‍ണറുടെ ഏകപക്ഷീയവും തിടുക്കപ്പെട്ടതുമായ ഇപ്രകാരമുള്ള ഒരു ന്യായീകരണം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് വാദിക്കുന്ന ബഹു.ഗവര്‍ണര്‍ ഗാന്ധിഘാതകനായ നാഥുറാംഗോഡ്സെയുടെ പുസ്തകവും പഠന വിഷയമാക്കുന്നതിനെ ന്യായീകരിക്കുന്ന മാനസിക അവസ്ഥയിലാണോ എത്തിനില്‍ക്കുന്നത്?
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ തെറ്റായ നടപടിയെ വെള്ള പൂശാന്‍ അത്യുത്സാഹം കാണിക്കുന്ന ബഹു.ഗവര്‍ണറുടെ പ്രതികരണം ഗാന്ധിജിയെയും നെഹ്റുവിനെയും തമസ്കരിക്കുകയും നാഥുറാം ഗോഡ്സെയേയും ആര്‍എസ്‌എസ് നേതാക്കളെയും മഹത്വവല്‍ക്കരിക്കുകയും ചെയ്തുവരുന്ന വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നതില്‍ സംശയമില്ല.