കൊച്ചി : രാഷ്ട്രീയകാര്യസമിതിയില്നിന്നു രാജിവച്ച വി.എം.സുധീരനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എഐസിസി അംഗത്വംകൂടി രാജിവച്ചു പ്രകോപനം സൃഷ്ടച്ചതില് കടുത്ത അതൃപ്തിയുമായി കെപിസിസി നേതൃത്വം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും നേരിട്ടു സംസാരിച്ചിട്ടു പോലും ഒട്ടും വീഴ്ച കാണിക്കാത്ത സുധീരന്റെ പിന്നാലെ ഇനി പോകേണ്ട കാര്യമില്ല എന്ന നിലപാടിലേക്കു കെപിസിസി നേതൃത്വം നീങ്ങിയെന്നാണ് സൂചന.
സുധീരനുമായി ഇനി അനുയത്തിന് ഇല്ലെന്നും ഹൈക്കമാന്‍ഡ് ഇടപെട്ട് എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നുമാണ് കെപിസിസി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എഐസിസി അംഗത്വം രാജിവച്ചതിനാല്‍ സ്വഭാവികമായി ഹൈക്കമാന്‍ഡിന് ഇടപെട്ടു സംസാരിക്കാന്‍ സാധ്യതകളുണ്ടെന്നും കെപിസിസി നേതൃത്വം കരുതുന്നു.
കോണ്‍ഗ്രസിനെ സമ്മര്‍ദ തന്ത്രത്തില്പ്പെടുത്തി കെപിസിസി പുനഃസംഘടനയില്‍ തന്റെ ആളുകള്‍ക്കു കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള നീക്കമായിട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സുധീരന്റെ നിലപാടിനെ കാണുന്നത്. ഹൈക്കമാന്‍ഡിനെ വിഷയത്തില്‍ ഇടപെടുവിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധീരന് എഐസിസി അംഗത്വം രാജിവച്ചതെന്നാണ് സൂചന. ദേശീയ നേതൃത്വത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും അദ്ദേഹവുമായി അടുത്ത നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പിണക്കി മുന്നോട്ടു പോകാന്‍ ഹൈക്കമാന്‍ഡ് തയാറാകില്ലെന്ന വിശ്വാസത്തിലാണ് ഇവര്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ക്കു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തോടു വിയോജിപ്പുണ്ട്. അധികാരം കിട്ടിയപ്പോള്‍ തങ്ങളെ അപമാനിച്ചുവെന്ന വികാരം ഇവര്‍ പലപ്പോഴായി പങ്കുവച്ചു കഴിഞ്ഞു. സുധീരനും ഹൈക്കമാന്‍ഡിലാണ് പ്രതീക്ഷ വച്ചിരിക്കുന്നത്. അതേസമയം, കെപിസിസി നേതൃത്വത്തെ രൂക്ഷവിമര്‍ശനത്തിനു വിധേയമാക്കാനും അദ്ദേഹം മുന്നോട്ടു വരുന്നു.
കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് താന്‍ പ്രതികരിക്കാന്‍ തയാറാതെന്നു സുധീരന് പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനു കത്തയച്ചിരുന്നു. എന്നാല്‍, അതിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ലെന്നാണ് സുധീരന്റെ നിലപാട്. കേരളത്തില്‍ സിപിഎമ്മിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ യോഗ്യനായ നേതാവ് കെ. സുധാകരനാണെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിനു യാതൊരു തര്‍ക്കവുമില്ല.