ന്യൂഡല്‍ഹി : പുതിയ സി.ബി.ഐ ഡയറക്‌ടറുടെ നിയമനത്തില്‍ ചിഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നിലപാടുകള്‍ നിര്‍ണായകമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഐ ഡയറക്ടറെ കണ്ടെത്താനുള്ള കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മനസില്‍ കണ്ട രണ്ട് പേരുകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വെട്ടി.
പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി.ബി.ഐ മേധാവിയായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.
വിരമിക്കാന്‍ ആറ് മാസം മാത്രമുള്ള ഉദ്യോഗസ്ഥരെ ഈ പദവിയിലേക്ക് പരിഗണിക്കരുതെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് രമണ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. സി.ബി.ഐ ഡയറക്ടര്‍ പദവിയിലേക്ക് ഇത്തരമൊരു മാനദണ്ഡം ആദ്യമായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. അത് നടപ്പാക്കണമെന്നും രമണ പറഞ്ഞു. ഇതോടെ ബി.എസ്‌എഫ് ചീഫ് രാകേഷ് അസ്താന, എന്‍.ഐ.എ ചീഫ് വൈ.സി മോദി എന്നിവര്‍ പുറത്തായി. ഓഗസ്റ്റ് 31ന് അസ്താനയും മേയ് 31ന് വൈസി മോദിയും വിരമിക്കാനിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ രണ്ടുപേരെയുമാണ് കൂടുതലായി പരിഗണിച്ചിരുന്നത്. അതോടെ ഇവരെ തഴയേണ്ടി വന്നു. കേരള ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്ര ഡി.ജി.പി സുഭോധ് കുമാര്‍ ജെസ്വാള്‍, എസ്.എസ്.ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍. ചന്ദ്ര, ആഭ്യന്തര മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ കൗമുദി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരില്‍ ജെസ്വാളിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സീനിയോറിറ്റി കൂടുതല്‍ സുഭോധ് കുമാര്‍ ജെസ്വാളിനാണ്. അതേസമയം അധീര്‍ ചൗധരി വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. പേര്‍സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ 109 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. മേയ് 11ന് തയ്യാറാക്കിയ പട്ടികയില്‍ കഴിഞ്ഞ ദിവസം ആകെ 16 പേരാണ് ഉണ്ടായിരുന്നതെന്നും അധീര്‍ ചൗധരി പറഞ്ഞു.