തിരുവനന്തപുരം : പോലീസിന് വോയ്‌സ് ലോഗറുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉള്ളതായി സിഎജി കണ്ടെത്തി . ആദ്യം ക്വട്ടേഷന്‍ നല്‍കിയ കമ്പനിയെ മാറ്റി മറ്റൊരു കമ്പനിക്കു കരാര്‍ നല്കി. തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു നല്‍കിയ കരാര്‍ ഒഴിവാക്കി ലോ അബൈഡിങ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിയത് വ്യവസ്ഥകളൊന്നും പാലിക്കാതെയാണെന്നും റിപ്പോര്‍ട്ടില്‍. വോയ്‌സ് ലോഗറുകള്‍ വാങ്ങാന്‍ 90 ലക്ഷം അനുവദിച്ചെന്നും അതു സംഭരിച്ചു നല്‍കണമെന്നും പോലീസ് കെല്‍ട്രോണിനെ അറിയിക്കുന്നത് 2015 ആദ്യമാസം. യൂണിറ്റിന് 3.07 ലക്ഷംവച്ച് 5 യൂണിറ്റുകള്‍ നല്‍കാമെന്ന് കെല്‍ട്രോണ്‍ മറുപടി നല്‍കി. 10 യൂണിറ്റുകള്‍ 30 ലക്ഷത്തിന് നല്‍കാമെന്ന് പോലീസ് കരാര്‍ ഒപ്പിട്ടു. അന്ന് ഡിജിപി ആയിരുന്നത് കെ.എസ്.ബാലസുബ്രഹ്മണ്യമാണ്
2016 സെപ്റ്റംബറില്‍ ഇതിനുള്ള പ്രതിഫലം നല്‍കുമ്പോള്‍ ഡിജിപി സ്ഥാനത്ത് ലോക്‌നാഥ് ബഹ്‌റ. തേര്‍ഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍നിന്നും യൂണിറ്റിന് 2.60 ലക്ഷം നിരക്കില്‍ 30 ലോഗറുകള്‍ വിതരണം ചെയ്യാനുള്ള ക്വട്ടേഷന്‍ കെല്‍ട്രോണ്‍ 2015 ഫെബ്രുവരി 27ന് കരസ്ഥമാക്കിയിരുന്നു. യൂണിറ്റിന് 2.07 ലക്ഷത്തിന് നല്‍കാമെന്ന പുതുക്കിയ നിര്‍ദേശം കെല്‍ട്രോണിനു ഈ കമ്പനിയില്‍ നിന്ന് പിന്നീട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വോയ്‌സ് ലോഗറുകള്‍ 3.07 ലക്ഷത്തിന് നല്‍കാമെന്ന് കെല്‍ട്രോണ്‍ സമ്മതിച്ചത്.
ഈ സമയത്ത് പോലീസ് നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപി തനിക്ക് ലോ അബൈഡിങ് ടെക്‌നോളജീസ് (എല്‍എടി) എന്ന കമ്പനിയില്‍നിന്ന് 1.72 ലക്ഷം രൂപയ്ക്ക് വോയ്‌സ് ലോഗറുകള്‍ ലഭിക്കുമെന്ന അറിയിപ്പ് കിട്ടിയ കാര്യം കെല്‍ട്രോണിനെ അറിയിച്ചു. കെല്‍ട്രോണ്‍ പറഞ്ഞ യൂണിറ്റിന് 3 ലക്ഷമെന്ന നിരക്ക് വിപണി വിലയേക്കാള്‍ കൂടുതലായതിനാല്‍ സ്വീകാര്യമല്ലെന്നും അറിയിച്ചു. ന്യായമായ നിരക്ക് നിര്‍ദേശിച്ചില്ലെങ്കില്‍ നിയന്ത്രിത ടെന്‍ഡറിലേക്കു പോകുമെന്ന് ഇതേദിവസം തന്നെ ഡിജിപിയും കെല്‍ട്രോണിനെ അറിയിച്ചു. ഈ കത്തു കിട്ടിയശേഷം കെല്‍ട്രോണ്‍ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന്‍ എന്ന കമ്പനിയെ ഉപേക്ഷിച്ചു. അവരില്‍നിന്ന് കുറഞ്ഞ നിരക്കുകള്‍ ലഭിക്കുന്നതിനും ശ്രമിച്ചില്ല. പിന്നീട് എല്‍എടിയില്‍നിന്ന് യൂണിറ്റിന് 3 ലക്ഷം രൂപയ്ക്ക് 10 യൂണിറ്റുകള്‍ വാങ്ങി. എല്‍എടിക്ക് കരാര്‍ ലഭിക്കാന്‍ നടപടികളില്‍ ക്രമക്കേട് നടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.