രാജ്യത്ത് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടുകയാണ്. ഈ അവസരം മുതലെടുക്കാനായി ജൂണിലാണ് സ്വീഡിഷ് കാര്‍ നിര്‍മാതാക്കളായ വോള്‍വോ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറിംഗായ C40 റീചാര്‍ജ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആഴ്ചകള്‍ക്ക് ശേഷം ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യപിച്ചിരിക്കുകയാണ് ബ്രാന്‍ഡ്. 61.25 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിനാണ് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ സാധിക്കുക. പ്രാദേശികമായി അസംബിള്‍ ചെയ്യുകയാണെങ്കിലും C40 റീചാര്‍ജിന് XC40 റീചാര്‍ജിനേക്കാള്‍ 4.35 ലക്ഷം രൂപ കൂടുതലായി മുടക്കണം. സെപ്റ്റംബര്‍ അഞ്ചാം തീയതി വൈകീട്ട് അഞ്ച് മുതല്‍ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിക്കും.
ഇവി വിപ്ലവം മുന്നില്‍ കണ്ട് ഫുള്‍ ഇലക്ട്രിക്കാകാനുള്ള ഉറച്ച കാല്‍വെയ്പ്പ് നടത്തുന്ന വോള്‍വോ 2030-ഓടെ ഇവികള്‍ മാത്രം വില്‍ക്കുന്ന തരത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. XC40 റീചാര്‍ജിന്റെ കൂപ്പെ-എസ്‌യുവി പതിപ്പാണ് വോള്‍വോ C40 റീചാര്‍ജ്. XC40 റീചാര്‍ജില്‍ നിന്ന് വ്യത്യസ്തമായി ഒരു പെട്രോള്‍ പതിപ്പില്ലാതെ ഇലക്ട്രിക് കുപ്പായമണിഞ്ഞ് മാത്രമാണ് കാര്‍ ഇന്ത്യയിലെത്തുന്നത്. വലിപ്പം നോക്കിയാല്‍ 4,440 mm നീളവും 1,873 mm വീതിയും 1,591 mm ഉയരവും 2,702 mm വീല്‍ബേസുമാണ് വോള്‍വോ C40 റീചാര്‍ജിനുള്ളത്.
കൂടാതെ എസ്‌യുവി 171 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു. പിറെല്ലി ടയറുകളാല്‍ പൊതിഞ്ഞ 19 ഇഞ്ച് അലോയ് വീലുകളിലാണ് വോള്‍വോ C40 ഓടുക. ഇതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന XC40 റീചാര്‍ജിന് സമാനമാണ്. കൂപ്പെ പോലുള്ള റൂഫ് ലൈനിന്റെ മികവില്‍ പുതിയ C40 റീചാര്‍ജ് കൂടുതല്‍ ഷാര്‍പ്പായും ആകര്‍ഷകമായും കാണപ്പെടുന്നു. പുതിയ C40 റീചാര്‍ജിന്റെ മുന്‍വശത്ത് വോള്‍വോയുടെ ഐക്കണിക് തോര്‍സ് ഹാമര്‍ ഹെഡ്ലൈറ്റുകള്‍ കാണാം.
ലളിതമായ ഒരു ക്യാബിനാണ് വോള്‍വോ C40 റീചാര്‍ജിന് ലഭിക്കുന്നത്. വോള്‍വോ C40 റീചാര്‍ജിന്റെ ക്യാബിന്‍ XC40 റീചാര്‍ജിന്റെ അതേ ലേഔട്ടിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്യാബിന്‍ പൂര്‍ണമായും ലെതര്‍ ഫ്രീയാണ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കാര്‍പെറ്റുകള്‍ക്കൊപ്പം റീ പ്രോസസ്സ് ചെയ്ത മെറ്റീരിയലും C40 റീചാര്‍ജില്‍ ഉപയോഗിക്കുന്നു. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കുന്ന 78kWh ബാറ്ററി പായ്ക്കാണ് വോള്‍വോ C40 റീചാര്‍ജില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവി ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ ഡ്രൈവ് പതിപ്പില്‍ മാത്രമാണ് ഇന്ത്യയിലെത്തുക.