ന്യൂഡൽഹി : പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്കരണത്തെച്ചൊല്ലി (എസ്.ഐ.ആർ.) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ രൂപപ്പെട്ട ആഭ്യന്തരകലഹത്തിന്റെ മൂലകാരണം കമ്മിഷൻ ആസ്ഥാനത്തെ ഐ.ടി.സെല്ലിന്റെ അമിതാധികാരപ്രയോഗങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളോട് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനം രേഖപ്പെടുത്തിയതിൽ പ്രധാനകാരണം ഐ.ടി. വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്നയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതാണ്. കമ്മിഷണർമാരുടെ വിയോജനക്കുറിപ്പുകളിലൊന്നിൽ ഗോവയിലെ 97 പേർ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ട ഉദാഹരണം പറയുന്നുണ്ട്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ.) അർഹരെന്നു കണ്ടെത്തിയ 97 പേരെ പട്ടികയിലുൾപ്പെടുത്തണമെന്ന നിർദേശം ഫെബ്രുവരി 17-ന് ഗോവ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കമ്മിഷന് കൈമാറി.
കമ്മിഷൻ ആസ്ഥാനത്തെ ഗോവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇലക്‌ഷൻ കമ്മിഷണർക്ക് എട്ടുതവണ ഇ-മെയിലും അയച്ചു. 97 പേരെയും കമ്മിഷന്റെ പുതിയ ആപ്ലിക്കേഷൻ സോഫ്റ്റ്‌വേറായ ഇ.സി.ഐ.നെറ്റ് വഴി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഐ.ടി. സംവിധാനത്തിന് വോട്ടർമാരെ തടസ്സപ്പെടുത്താനധികാരമില്ലെന്നും അനുകൂലതീരുമാനം വേണമെന്നും കാണിച്ച് ഐ.ടി. സെൽ ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് ഡെപ്യൂട്ടി ഇലക്‌ഷൻ കമ്മിഷണർ കത്തു നൽകി. എന്നാൽ ഫെബ്രുവരി 21-ന് അന്തിമപട്ടിക വന്നപ്പോൾ 97 പേരും ഇല്ലായിരുന്നു. കമ്മിഷനിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന പത്രറിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.































