പത്തനംതിട്ട: കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിനെ തുടർന്ന് വ്യാപക പ്രതിഷേധം. ഒരു വോട്ട് പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ മൂന്ന് ബൂത്തുകളാണ് ഉള്ളത് അതിൽ രണ്ട് ബൂത്തുകളിൽ വോട്ടിങ് മെഷീൻ പണിമുടക്കിയിരിക്കുകയാണ്. പ്രദേശത്ത് യുഡിഎഫ് നേതാക്കളുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. പകരം വോട്ടിങ് മെഷീൻ ഇതുവരെ എത്താതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. രാവിലെ മുതൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര തന്നെ ഉണ്ടായിരിന്നു പക്ഷെ വോട്ടിങ് മെഷീൻ തകരാറിനെ തുടർന്ന് പലരും രോഷത്തോടെ മടങ്ങിപ്പോയി. യുഡിഎഫ് നേതാക്കളുടെ വോട്ടുകൾ ഇല്ലാതാക്കാൻ വേണ്ടിയുള്ള ഒരു ശ്രമമാണ് ഇതെന്നും നേതാക്കൾ ആരോപിക്കുന്നു.
പ്രദേശത്ത് ശക്തമായ സംഘർഷ സാധ്യത തുടരുകയാണ്. പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ പോലീസും ഇതുവരെ എത്തിയിട്ടില്ല. അതുപ്പോലെ വോട്ടിങ് മെഷീൻ മാറ്റിവയ്ക്കാനുള്ള നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. 243,245 ഈ രണ്ട് ബൂത്തുകളിലാണ് പ്രശ്‌നങ്ങൾ നടക്കുന്നത്. അതിൽ 243-ആം നമ്പർ ബൂത്തിൽ ഒരു വോട്ട് പോലും ഇതുവരെ ചെയ്തിട്ടില്ല. രാവിലെ മോക്പോൾ നടത്തിയ 50 വോട്ടുകൾ മാത്രമാണ് ചെയ്തിരിക്കുന്നത്. അതിനുശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.എന്നാൽ 245 ആം ബൂത്തിൽ രാവിലെ മുതൽ തടസ്സങ്ങൾ നേരിട്ടിരുന്നു പക്ഷെ അല്പം മുൻപ് പ്രശ്‌നം പരിഹരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.