റാന്നി : സമീപറോഡുകളെല്ലാം ദേശീയപാത നിലവാരത്തിൽ നവീകരിച്ചപ്പോഴും കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനത്തുകൂടി കടന്നുപോകുന്ന കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനത്തുകൂടി കടന്നുപോകുന്ന വൃന്ദാവനം-മുക്കുഴി, പുത്തൂർമുക്ക് റോഡുകൾക്ക് അവഗണന. കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതവും അപകടകരവുമായിരിക്കുകയാണ്. റോഡിലെ കുഴികളിൽചാടി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവ് സംഭവമായിട്ടുണ്ട്. വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് എന്നീ രണ്ട് റോഡുകൾകൂടി മൂന്ന് കിലോമീറ്ററിൽ താഴെ മാത്രം ദൂരമാണുള്ളത്. റോഡ് നവീകരണം വിവിധ പദ്ധതികളിൽപ്പെടുത്തിയെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
വൃന്ദാവനം പുത്തൂർമുക്ക് റോഡ് കുമ്പളന്താനം-മണിയാർ റോഡ് വികസനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അത് പിന്നീട് ചെറുകോൽപ്പുഴ-മണിയാർ ആക്കി മാറ്റി. പുത്തൂർമുക്ക് റോഡ് തെള്ളിയൂർ-വലിയകാവ് റോഡിലും ഉൾപ്പെടുത്തിയെങ്കിലും അതിന്റെ നടപടികളും മുന്നോട്ടുപോയില്ല. കിഫ്ബിയുടെ പദ്ധതികളിൽപ്പെടുത്തി നടപ്പാക്കാനാണ് 2018-ൽ പദ്ധതി തയ്യാറാക്കിയിരുന്നത്. നവീകരിച്ച റോഡുകളായ ചെറുകോൽപ്പുഴ-മല്ലപ്പള്ളി, മഠത്തുംചാൽ-മുക്കുട്ടുതറ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് വൃന്ദാവനം-പുത്തൂർമുക്ക് റോഡ്. കുമ്പളന്താനം-റാന്നി റോഡിലെത്തിച്ചേരുന്നതാണ് വൃന്ദാവനം-മുക്കുഴി. രണ്ട് റോഡുകളും തകർന്ന് കിടക്കുകയാണ്.