തിരുവനന്തപുരം : കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ കക്ഷികളുടെയും സമരങ്ങള്‍ക്കെതിരെ വി എസ് അച്യുതാനന്ദന്‍. കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടംകൂടിച്ചുള്ള സമരം മരണത്തിന്റെ വ്യാപാരികള്‍ ആകാനുള്ള തയ്യാറെടുപ്പാണെന്നും വി എസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ ഏവര്‍ക്കും അവകാശം ഉണ്ട് . പ്രത്യേകിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരെയും സര്‍ക്കാരിനെതിരെയും സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് എതിരെയും. എന്നാല്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത് പ്രത്യേക സ്ഥിതിവിശേഷം ആണ്. കോവിഡ് എന്ന മഹാമാരി സമൂഹത്തെ നശിപ്പിക്കാനായി കാണാമറയത്ത് തന്നെ ഉണ്ട് .
ഇത്രയും നാള്‍ ശക്തമായി കേരളം പിടിച്ചു നിന്നതു സര്‍ക്കാര്‍ നടത്തിയ മികച്ച ചെയ്തികള്‍ കൊണ്ടാണ്. അഞ്ചര ലക്ഷത്തോളം പേര് അന്യരാജ്യത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും വന്നിട്ടും കേരളത്തില്‍ കേസുകളും മരണങ്ങളും വളരെ കുറവ് ആയിരുന്നു. തമിഴ് നാട്ടില്‍ നിന്നും എത്തിയ ബോട്ടുകള്‍ വഴിയോ ഇവിടെ നിന്നും അങ്ങോട്ട് പോയ ബോട്ടുകള്‍ വഴിയോ പൂന്തുറ ഭാഗത്തു സൂപ്പര്‍ സ്പ്രെഡ് ഉണ്ടായി എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ ഭേദപ്പെട്ട നിലയില്‍ ആയിരുന്നു കേരളം .
ഈ നല്ല അവസ്ഥയില്‍ വളരെയധികം സങ്കടപ്പെടുന്ന ഒരു വിഭാഗം ഇവിടുത്തെ കോണ്‍ഗ്രസ് ലീഗ് ബിജെപി പാര്‍ട്ടികള്‍ നയിക്കുന്ന പ്രതിപക്ഷം ആണ്. അന്ധമായ രാക്ഷ്ട്രീയ വിരോധംമൂലം അവര്‍ക്കു ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. യാതൊരുവിധ ചട്ടങ്ങളും പാലിക്കാതെ അവര്‍ നടത്തുന്ന സമരങ്ങള്‍ കേരളത്തെ കോവിഡിന്റെ കയ്യിലേക്ക് തള്ളിവിടുകയെന്ന ഉന്നംവെച്ച് തന്നെ ആണ്.
കേരളത്തില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുകയും അങ്ങനെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കാന്‍ വഴി വെട്ടുകയുമാണ് അവര്‍ ചെയ്യുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ജീവിതവും ഉയിരും അപകടത്തിലാക്കാനുള്ള ശ്രമങ്ങളില്‍ നിന്നും പ്രതിപക്ഷം പിന്മാറി ജനങ്ങളോടുള്ള ബാധ്യത നിറവേറ്റണമെന്നും വി എസ് പറഞ്ഞു.